പാകിസ്ഥാന്റെ ഭാവി താരം ആരാകുമെന്ന് ഈ ലോകകപ്പിലൂടെ ക്രിക്കറ്റ് ലോകത്തിന് മനസിലായി. ഷഹീൻ അഫ്രീദിയെന്ന 19 കാരൻ! മുൻതാരം വസീം അക്രം ഷഹീനെക്കുറിച്ച് കണക്കുകൂട്ടിയത് തെറ്റായില്ല. ലോർഡ്സിൽ ബംഗ്ലാദേശ് ബാറ്റ്സ്‌മാൻമാരെ എറിഞ്ഞ് വീഴ്‌ത്തിയ കരുത്തുമാത്രം മതിയായിരുന്നു ഷഹീന് പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ബൗളർമാരുടെ ലിസ്റ്റിൽ ഇടം നേടാൻ. 35 റൺസ് വഴങ്ങി എറിഞ്ഞ് ഓടിച്ചത് ബംഗ്ലാദേശിന്റെ 6 കടുവകളെയാണ്! ഷഹീന്റെ പ്രകടനത്തിൽ പാക് പട ജയിച്ചെങ്കിലും സെമി കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. എങ്കിലും കന്നി ലോകകപ്പിൽ തന്നെ അസാമാന്യ പ്രകടനം കാഴ്‌ച വച്ച ഷഹീനെ ലോകക്രിക്കറ്റ് ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്.
1992ൽ പാകിസ്ഥാൻ ലോകകപ്പ് കിരീടം നേടുമ്പോൾ ടീം അംഗമായിരുന്ന വസീം അക്രം ഷഹീന്റെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്റെ ഭാവിയിലെ മിന്നും താരം ഷഹീൻ ആണെന്ന് വസീം അക്രം പ്രവചിച്ചിരുന്നു. ലോകകപ്പിൽ ഷഹീനെ കളത്തിലിറക്കാൻ വൈകിയതിനെതിരെ നിരാശ തുറന്നു പറയാനും അക്രം മറന്നില്ല. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന, ടൂർണമെന്റിലെ നാലാം മത്സരത്തിലാണ് ഷഹീന് അവസരം നൽകിയത്.
ഷഹീനിലെ ആക്രമകാരിയായ ബൗളറെ ക്രിക്കറ്റ് ലോകം തിരിച്ചറിയുന്നത് പാക് - ന്യൂസിലാൻഡ് മത്സരത്തിനിടെ കീവിസിന്റെ വമ്പൻമാരുടെ വിക്കറ്റുകൾ വീഴ്‌ത്തിയതിലൂടെയാണ്. കോളിൻ മൺറോ, റോസ് ടെയ്ലർ, ടോം ലാഥം എന്നിവരെ ഷഹീൻ നിഷ്പ്രയാസം പുറത്താക്കി. 47 റൺസ് വഴങ്ങി 4 പേരെ പുറത്താക്കിക്കൊണ്ട് അഫ്ഗാനെതിരെ നടന്ന മത്സരത്തിലൂടെ ഷഹീൻ തന്റെ ലേബൽ ഉറപ്പിച്ചു. ലോകകപ്പിൽ അഞ്ചു വിക്കറ്റ് വീഴ്‌ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളർ എന്ന നേട്ടം ഷഹീൻ നേടിയെടുത്തു. 2003ൽ തന്റെ 21ാം വയസിൽ കെനിയൻ താരം കോളിൻസ് ഓബുയ നേടിയ റെക്കാഡാണ് ഷഹീൻ തകർത്തത്. ഒപ്പം പാക് മുൻ നായകൻ ഷാഹിദ് അഫ്രീദിയുടെ റെക്കാഡും ഷഹീൻ പഴങ്കഥയാക്കി. ലോകകപ്പ് മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വച്ച പാക് ബൗളർ എന്ന റെക്കാഡ്. കെനിയ്ക്കെതിരെ 2011ൽ ഷാഹീദ് അഫ്രീദി കരസ്ഥമാക്കിയ 5 വിക്കറ്റ് നേട്ടമാണ് പാകിസ്ഥാൻ ക്രിക്കറ്റിലെ ഈ 'ബേബി'ക്ക് മുന്നിൽ വഴിമാറിയത്.
അഞ്ചു മത്സരങ്ങളിൽ നിന്നും 16 വിക്കറ്റുകളാണ് ഷഹീൻ സ്വന്തമാക്കിയത്. എന്നാൽ ഇത് വെറും തുടക്കം മാത്രമാണെന്നും വസീം അക്രം, വഖാർ യൂനിസ് എന്നിവരെപോലെ ആകാൻ താൻ കഠിനമായി പരിശ്രമിക്കുമെന്നുമാണ് ഷഹീൻ പറയുന്നത്. 15ാം വയസിലാണ് ഷഹീൻ പാക് അണ്ടർ 19 ടീമിലെത്തുന്നത്. അണ്ടർ -19 ക്രിക്കറ്റിലെ ഷഹീന്റെ വിക്കറ്റ് വേട്ട രാജ്യന്തര ശ്രദ്ധ പിടിച്ചു പറ്റി. 2017ൽ ഖ്വയ്ദ് - ഇ - അസം ക്രിക്കറ്റ് ടൂർണമെന്റിലൂടെ ഷഹീൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് ചുവടുവച്ചു. അന്ന് 39 റൺസിന് വഴങ്ങി 8 വിക്കറ്റ് വീഴ്‌ത്തി ഏവരെയും ഷഹീൻ അതിശയിപ്പിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ ഷഹീനെ പാക് മിസൈൽ വസീം അക്രം, ഓസ്ട്രേലിയൻ കുന്തമുന മിച്ചൽ സ്റ്റാർക്ക് എന്നീ വമ്പൻമാരുമായി താരതമ്യം ചെയ്യാൻ തുടങ്ങി.
കഴിഞ്ഞ വർഷം ഏപ്രിലിൽ വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്റി - 20യിലും, സെപ്റ്റംബറിൽ അഫ്ഗാനെതിരെ ഏകദിനത്തിലും, ഡിസംബറിൽ ന്യൂസിലാൻഡിനെതിരെ ടെസ്റ്റിലും ഷഹീൻ പാകിസ്ഥാനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളത്തിലിറങ്ങി. ഈ മത്സരങ്ങളിൽ ഷഹീൻ കാഴ്‌ച വച്ച പ്രകടനം കോച്ച് മിക്കി ആർതറെയും വളരെയധികം സ്വാധീനിച്ചിരുന്നു. ഷഹീന്റെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകിയത് സഹോദരനും പാകിസ്ഥാൻ മുൻ താരവുമായ റിയാസ് അഫ്രീദിയാണ്. ഷഹീനെക്കാൾ 15 വയസ് മൂത്തതാണ് റിയാസ്. ഏഴ് സഹോദരൻമാരിൽ ഏറ്റവും ഇളയവനാണ് ഷഹീൻ. ഒരൊറ്റ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ മാത്രമേ റിയാസിന് പാകിസ്ഥാനു വേണ്ടി കുപ്പായമണിയാൻ കഴിഞ്ഞുള്ളു. പിന്നീട് തന്റെ ഉള്ളിലെ അടങ്ങാത്ത ക്രിക്കറ്റ് മോഹം റിയാസ് തന്റെ അനുജനിലൂടെ സാധിച്ചെടുക്കുകയായിരുന്നു. വരുംനാളുകളിൽ ബോൾ കൊണ്ട് അത്ഭുതം മെനയാനുള്ള തയാറെടുപ്പിലാണ് പാകിസ്ഥാന്റെ ആറടി ആറിഞ്ചുകാരനായ ഈ വണ്ടർ കിഡ്!