തിരുവനന്തപുരം: വിൽക്കുന്ന മദ്യത്തിന്റെ അളവിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും വരുമാനത്തിൽ കുതിച്ചുകയറ്റവുമായി ഖജനാവിലേക്ക് 1571 കോടി അധികമെത്തിച്ചിരിക്കുകയാണ് ബിവറേജസ് കോർപറേഷൻ.
2018-19 സാമ്പത്തിക വർഷം 14,508.10 കോടിയാണ് മദ്യത്തിന്റെ വിറ്റുവരവ്. മദ്യത്തിന്റെ വിലയിൽ ഉണ്ടായ വർദ്ധനയാണ് വരുമാനം കൂടാൻ പ്രധാന കാരണം.
പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനും മദ്യം തുണയായി. 2018 ആഗസ്റ്റ് 18 മുതൽ നവംബർ 30 വരെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുക വഴി 309.90 കോടിയാണ് സർക്കാർ ഖജനാവിലെത്തിയത്. 2016-17 സാമ്പത്തികവർഷം 12,134.14 കോടിയായിരുന്നു ബെവ്കോയുടെ ആകെ വിറ്രുവരവ്. ഇതിൽ വില്പന നികുതി, സെസ്, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ ഇനങ്ങളിലായി സർക്കാരിന് നൽകിയത് 10,353.65 കോടി. 2017-18 ൽ വിറ്റുവരവ് 12,937.09 കോടിയായി ഉയർന്നു. സർക്കാരിന് കിട്ടിയത് 11,024.22 കോടി.
വിദേശിക്കും വെൽകം
2018-ലാണ് ബിവറേജസ് കോർപറേഷൻ ചില്ലറവില്പന ശാലകൾ വഴി വിദേശ നിർമ്മിത വിദേശ മദ്യ (എഫ്.എം.എഫ്.എൽ) വില്പന തുടങ്ങിയത്. സംഗതി വിജയമാവുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും കേരളീയർ രണ്ട് കൈയും നീട്ടി വിദേശിയെയും സ്വീകരിച്ചു. ഓരോ മാസവും വച്ചടി കയറ്റമാണ്. 2018 ആഗസ്റ്റ് 20 മുതൽ 2019 മാർച്ച് വരെ 25.66 കോടിയുടെ വില്പനയാണ് നടന്നത്. 2019 ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 10.43 കോടിയാണ് വില്പന. 17 വിദേശ നിർമ്മിത വിദേശ മദ്യകമ്പനികളുടെ 80 ബ്രാൻഡുകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഓണക്കാലമെത്തുന്നതോടെ കൂടുതൽ ബ്രാൻഡുകൾ കേരളത്തിലേക്ക് എത്തും.
ബാറുകൾ 522
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ബാറുകളെല്ലാം നിറുത്താൻ തീരുമാനിക്കുമ്പോൾ 732 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ത്രീ സ്റ്റാറുകൾ മുതൽ മുകളിലേക്ക് പദവിയുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ തീരുമാനിച്ചു. വിവിധ പദവികളിലുള്ള 522 ബാറുകളാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം 139 ബാറുകൾക്കാണ് പുതുതായി ലൈസൻസ് നൽകിയത്. എട്ട് അപേക്ഷകൾ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. 28 ലക്ഷമാണ് ബാർ ലൈസൻസ് ഫീസ്.
ബെവ്കോയുടെ വിറ്റുവരവ്
*2016-17 12,134.14 കോടി
*2017-18 12,937.09 ''
*2018-19 14,508.10 ''