kadasu

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് പാൽ നൽകാൻ നാലുവർഷം മുൻപ് സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയിലെ പശുക്കളുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്തി. തകർന്ന ഗോശാലയിൽ ആഹാരമില്ലാതെ ഒട്ടിയുണങ്ങി നിന്ന പശുക്കളെ കണ്ട് ഞെട്ടിയ മന്ത്രി പരിപാലനത്തിൽ ട്രസ്റ്റിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് പറഞ്ഞു. ആഹാരവും സുരക്ഷയുമില്ലാതെ എല്ലും തോലുമായ പശുക്കളുടെ ദയനീയസ്ഥിതി ചർച്ചയായതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ ജില്ലാ കളക്ടറോടും ആഹാരമെത്തിക്കാൻ എക്‌സിക്യൂട്ടിവ് ഓഫീസറോടും നിർദ്ദേശിക്കുമെന്ന് മന്ത്രി അറിയിച്ചു.
പദ്മതീർത്ഥക്കരയിലെ പുത്തൻമാളിക വളപ്പിൽ പ്രവർത്തിക്കുന്ന ഗോശാല മേൽക്കൂര തകർന്നും ചാണകവും ഗോമൂത്രവും നിറഞ്ഞും വൃത്തിഹീനമാണ്. കഴിഞ്ഞ ദിവസം പശുക്കിടാവിനെ നായ കടിച്ച് കൊന്ന സംഭവവും ഉണ്ടായി. പശുക്കളുടെയും കിടാങ്ങളുടെയും ദുരിതാവസ്ഥ മന്ത്രി ഗോശാലയിലെ തൊഴിലാളികളോട് ചോദിച്ചറിഞ്ഞു. ട്രസ്റ്റിൽ നിന്ന് പശുക്കളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന വിഷയം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസറോട് സംസാരിച്ചു. പ്രമുഖരും സമ്പന്നരുമായ വ്യക്തികൾ നയിക്കുന്ന ഗോശാല ട്രസ്റ്റിന് ഗുരുതര വീഴ്ച ഉണ്ടായതിനാൽ പശുക്കളുടെ സുരക്ഷ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പരിപാലിക്കാൻ ഫണ്ടില്ലാത്തതിനാൽ പശുക്കളെ ക്ഷേത്രത്തിന് കൈമാറാമെന്ന് ട്രസ്റ്റ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നമ്പി മഠത്തിനുള്ളിൽ പ്രത്യേക ഗോശാല പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ട്രസ്റ്റിന്റെ ഗോശാലയിൽ ക്ഷേത്രത്തിന് ചുമതലയില്ലെന്നാണ് അധികൃതർ അറിയിച്ചത്.

ഫോട്ടോ 2-

മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വകാര്യ ട്രസ്റ്റിന്റെ ഗോശാലയിലെത്തിയപ്പോൾ