നേമം: ജനമൈത്രി പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾ ജനകീയമാക്കിയതിന് പിന്നാലെ ശിശു സൗഹൃദമാകാനുള്ള തയാറെടുപ്പിലാണ് നേമം പൊലീസ് സ്റ്റേഷൻ. ചൈൽഡ് ഫ്രണ്ട്ലി പൊലീസിംഗ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ അടുത്ത മാസത്തോടെ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി നേമം സ്റ്റേഷനിൽ കുട്ടികൾക്കായി പുതിയ ഒരു റെസ്റ്റ് റൂം സജ്ജമാക്കും. കൂടാതെ കുട്ടികൾക്കായി പാർക്ക് നിർമ്മിച്ച് വിവിധ തരത്തിലുളള കളിക്കോപ്പുകളും ഒരുക്കും. ഫോർട്ട് സ്റ്റേഷൻ കഴിഞ്ഞാൽ ചൈൽഡ് ഫ്രണ്ട്ലി പൊലീസിംഗ് നടപ്പാക്കാൻ പോകുന്ന പ്രധാന സ്റ്റേഷനാണ് നേമം ജനമൈത്രി പൊലീസ് സ്റ്റേഷൻ. അടുത്തമാസം തന്നെ ഇതിന്റെ വർക്കിംഗ് കരാർ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഡിസംബർ 31 നകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുട്ടികൾക്കായുള്ള പാർക്കും റെസ്റ്റ് റൂമും തുറന്നു നൽകാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. ഇതിലേക്കായി കേന്ദ്രസർക്കാർ ഫണ്ടിൽ നിന്ന് സിറ്റി പൊലീസ് കമ്മിഷണർ മുഖാന്തരം ഒൻപത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചൈൽഡ് ഫ്രണ്ട്ലി പൊലീസിംഗ് പദ്ധതി നടപ്പിലാക്കുന്നതോടെ തന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് സ്റ്റേഷനിലുളള ഒാരോ പൊലീസ് ഉദ്യോഗസ്ഥരും എന്ന നിലയിലേക്ക് കുട്ടികളുടെ കാഴ്ചപ്പാട് മാറി അവരോട് അടുത്തിടപഴകാൻ സാധിക്കുമെന്ന് പൊലീസുദ്യോഗസ്ഥർ പറയുന്നു. കൂടുതൽ ജനസൗഹൃദമാകുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
പദ്ധതിയുടെ ലക്ഷ്യം
5 വയസു മുതൽ 15 വയസു വരെയുളള കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും പൊലീസിനോടുള്ള പേടി മാറ്റിയെടുക്കുന്നതിനും വളർച്ചയുടെ ഓരോ ഘട്ടത്തിലും മികച്ച സംസ്കാരം വളർത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ഭയമില്ലാതെ കുട്ടികൾക്ക് ഇവിടെ വന്ന് വിശ്രമിക്കാനും വിനോദത്തിലേർപ്പെടാനും സാധിക്കും.