വിതുര: പൊൻമുടി മലയടിവാരത്ത് വൻ തോതിൽ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി പദാർത്ഥങ്ങൾ വിറ്റഴിക്കുന്നതായി പരാതി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് വില്പന കൊഴുക്കുന്നത്. മദ്യത്തെക്കാൾ ഇപ്പോൾ കഞ്ചാവാണ് കൂടുതൽ വിറ്റഴിക്കുന്നത്. കഞ്ചാവിന് പുറമേ, ബ്രൗൺഷുഗർ, ഹാഷിഷ്, മറ്റ് ലഹരിഗുളികകൾ വരെ വിറ്റഴിക്കുന്നതായാണ് വിവരം. ഇത്തരം മയക്കുമരുന്നുകൾക്ക് അടിമയായ അനവധി പേർ ഗ്രാമീണമേഖലയിലുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിൽ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ സുലഭമാണ്. ഇരു ചക്രവാഹനങ്ങളിലാണ് പൊൻമുടിയിലേക്ക് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിപദാർത്ഥങ്ങൾ എത്തുന്നത്. ഇതിനായി പ്രത്യേക യുവ സംഘങ്ങൾ സജീവമാണ്. വില്പന വർദ്ധിപ്പിക്കുന്നതിനായി സ്ത്രീകളേയും നിയോഗിച്ചിട്ടുണ്ട്. തലസ്ഥാനം കേന്ദ്രീകരിച്ച് ഹാഷിഷ് വില്പന നടത്തിയിരുന്ന തൊളിക്കോട്, ആര്യനാട് സ്വദേശികളായ നാല് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. പൊലീസും എക്സൈസും ഇടയ്ക്കിടക്ക് റെയ്ഡുകൾ നടത്താറുണ്ടെങ്കിലും ലഹരിമാഫിയാ സംഘത്തെ അമർച്ച ചെയ്യുവാൻ ഇനിയും സാധിച്ചിട്ടില്ല.
ബൈക്കുകളിൽ അമിതവേഗതയിൽ പാഞ്ഞെത്തിയാണ് കഞ്ചാവ് വില്പന. കഞ്ചാവിന് പുറമേ മദ്യവും ഇക്കൂട്ടർ വിറ്റഴിക്കുന്നുണ്ട്. ലഹരിപദാർത്ഥങ്ങളുമായി ഇത്തരം സംഘങ്ങൾ ചീറിപ്പായുന്നത് കാൽനടയാത്രികർക്കും ടൂറിസ്റ്റുകൾക്കും തലവേദന സൃഷ്ടിക്കുകയാണെന്നും പരാതിയുണ്ട്. ലഹരി പദാർത്ഥങ്ങൾ വിൽക്കുവാൻ അമിത വേഗതയിൽ എത്തിയ യുവ സംഘങ്ങൾ നിരവധി പേരേ ഇടിച്ചിട്ടിട്ടുണ്ട്. പൊൻമുടി ആറാം വളവിന് സമീപം ടൂറിസ്റ്റുകളെ ഇടിച്ചിട്ടിട്ട് ബൈക്ക് യാത്രികർകടന്നുകളഞ്ഞു. ബീഡിയുടെ ഹുക്ക മാറ്റി കഞ്ചാവ് നിറച്ചാണ് മിക്ക മേഖലയിലും വില്പന. ഒരു കഞ്ചാവ് ബീഡിക്ക് 150രൂപയാണ് ഇൗടാക്കുന്നത്
ലഹരിപദാർത്ഥങ്ങൾ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിൽ വരെ വൻ തോതിൽ വിറ്റഴിക്കുന്നതായാണ് വിവരം. സ്കൂൾ, കോളജ് പരിസരം കേന്ദ്രീകരിച്ചാണ് വില്പന.. അനവധി വിദ്യാർത്ഥികളെ എക്സൈസ് സംഘം പിടികൂടി ബോധവത്കരണം നടത്തി വിട്ടയച്ചു. സ്കൂൾ പരിസരത്ത് ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നതിനിടയിൽ അനവധി പേരെ പൊലീസും എക്സൈസും പിടികൂടിയെങ്കിലും വില്പന ഇപ്പോഴും ഉഷാറാണ്.