sudhakaran

തിരുവനന്തപുരം: ആലപ്പുഴ റസ്റ്റ്‌ഹൗസിൽ മന്ത്രി ജി. സുധാകരന് മുറി അനുവദിക്കാത്ത ജീവനക്കാരന്റെ വാർഷിക ശമ്പളവർദ്ധന തടഞ്ഞ് സർക്കാർ ശിക്ഷിച്ചു. ക്ലാർക്ക് പ്രദീപ്‌കുമാറിനാണ് ശിക്ഷ. എക്സിക്യൂട്ടിവ് എൻജിനിയർ വി.വി. അജിത്കുമാറിനെതിരെ നടപടിയില്ല. ഇരുവർക്കും പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന്റെ ശുപാർശപ്രകാരം കുറ്റപത്രം നൽകിയിരുന്നു. 2017ഒക്ടോബർ 26നാണ് ആലപ്പുഴ റസ്റ്റ്‌ഹൗസിൽ ജി. സുധാകരന് മുറി അനുവദിക്കാതിരുന്നത്. വി.ഐ.പി മുറിയായ രണ്ടാംനമ്പർ മുറി, വി.ഐ.പി പരിഗണന അർഹിക്കാത്ത ധനവകുപ്പിലെ അഡിഷണൽ സെക്രട്ടറിക്ക് നൽകി ഇരുവരും കൃത്യവിലോപം നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

കെട്ടിടനിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ സൈറ്റുകളിലായതിനാൽ ദൈനംദിന ബുക്കിംഗ് പരിശോധിക്കാൻ അവസരം ലഭിച്ചില്ലെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ വി.വി. അജിത്കുമാർ കുറ്റപത്രത്തിന് മറുപടി നൽകി. അനർഹർക്ക് വി.വി.ഐ.പി മുറികൾ നൽകരുതെന്ന് ക്ലാർക്കിന് കർശനനിർദ്ദേശം നൽകിയിട്ടുണ്ടെന്നും അജിത്കുമാറിന്റെ വിശദീകരണത്തിലുണ്ട്.

എന്നാൽ ക്ലാർക്ക് പ്രദീപിന്റെ വിശദീകരണം ഇങ്ങനെ: ആലപ്പുഴ റസ്റ്റ്‌ഹൗസിൽ രണ്ട് വി.ഐ.പി മുറികളടക്കം നാല് എ.സി മുറികളാണുള്ളത്. ഒക്ടോബർ 20ന് ഭരണപരിഷ്കാര കമ്മിഷൻ ജീവനക്കാരും സബ്‌കളക്ടറും ഓരോ എ.സി മുറികൾ ബുക്ക് ചെയ്തിരുന്നു. ധനസെക്രട്ടറിയുടെ പേരിൽ മുറി ബുക്കുചെയ്യാൻ എക്സിക്യൂട്ടിവ് എൻജിനിയർ നിർദ്ദേശിച്ചിരുന്നു. മുറി അനുവദിച്ചശേഷമാണ് ഉദ്യോഗസ്ഥൻ അഡി. സെക്രട്ടറിയാണെന്നറിഞ്ഞത്. ഒന്നാം വി.ഐ.പി മുറി ഒഴിവുണ്ടെന്ന് കരുതിയാണ് ധനവകുപ്പുദ്യോഗസ്ഥന് മുറി നൽകിയത്. പക്ഷേ, അതിൽ അറ്റകുറ്റപ്പണി നടക്കുന്നതായി അറിവില്ലായിരുന്നു.

മന്ത്രിക്ക് പത്തുമിനിട്ടിനകം മുറിയൊഴിപ്പിച്ച് നൽകാമെന്ന് പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നതാണെന്നും കുറ്റപത്രത്തിന് പ്രദീപ്കുമാർ മറുപടി നൽകി. എന്നാൽ അറ്റകുറ്റപ്പണി നടക്കുന്നത് അറിയില്ലായിരുന്നെന്ന പ്രദീപ്കുമാറിന്റെ വാദം ചീഫ് എൻജിനിയർ തള്ളി. അടിയന്തര ഘട്ടത്തിൽ ഒഴിപ്പിക്കുമെന്ന നിബന്ധനയോടെയാണ് അഡി. സെക്രട്ടറിക്ക് മുറി അനുവദിച്ചതെന്നും മന്ത്രിക്കായി മുറി ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ അഡി. സെക്രട്ടറി മുറിപൂട്ടി ഭക്ഷണം കഴിക്കാൻ പോയിരുന്നതാണെന്നും ഹിയറിംഗിൽ വ്യക്തമായി. ഇതെല്ലാം വിശദമായി പരിശോധിച്ചാണ് പ്രദീപ്കുമാറിന്റെ ഒരു വാർഷികവേതന വർദ്ധന തടഞ്ഞുകൊണ്ട് ജോയിന്റ് സെക്രട്ടറി സി.എസ്. ശ്രീകല ഉത്തരവിറക്കിയത്.