മലയിൻകീഴ്: കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് ചികിത്സയിലിരിക്കെ മരിച്ച മലയിൻകീഴ് ശ്രീവത്സത്തിൽ ജയകുമാറിന് (45,പള്ളുരുത്തി ജയൻ) നാടൊന്നാകെ യാത്രാമൊഴി നൽകി. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാറനല്ലൂർ കോട്ടമുകൾ ജംഗ്ഷന് സമീപത്തു വച്ചാണ് ബസ് ഇടിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് ആൺമക്കളുമടങ്ങുന്നതാണ് ജയകുമാറിന്റെ കുടുംബം. സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ ഡ്രൈവർ ജോലിയിൽ നിന്ന് ലഭിക്കുന്നതാണ് ഏക വരുമാനം. പ്ളസ് വണിലും ആറാം ക്ലാസിലും പഠിക്കുന്ന മക്കളുടെ ബസ് കൺസെഷൻ പുതുക്കിയശേഷം മലയിൻകീഴുള്ള കടയിൽ ഏല്പിച്ച് നെയ്യാറ്റിൻകര ഭാഗത്ത് പോയി തിരിച്ച് വരുമ്പോഴായിരുന്നു അപകടം.
ഏത് പ്രതിസന്ധി ഘട്ടത്തിലും ചിരിച്ച മുഖത്തോടെ നേരിടുന്ന ജയകുമാർ മലയിൻകീഴുകാർക്ക് എന്ത് ആവശ്യത്തിനും ആളാലുള്ള സഹായത്തിനുണ്ടാകും. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നെങ്കിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സ്നേഹത്തോടയായിരുന്നു ജയകുമാറിന്റെ ഇടപെടൽ. മരണമറിഞ്ഞ് തിങ്കളാഴ്ച രാത്രി മുതൽ ആശുപത്രിയിലും വീട്ടിലുമായി ജനപ്രവാഹമായിരുന്നു. സ്വന്തമായി കിടപ്പാടം ഇല്ലാത്ത ജയകുമാറും കുടുംബവും വാടകവീട്ടിലാണ് താമസം. കുടുംബം കരകേറ്റുന്നതിനായി വിദേശത്ത് രണ്ട് വർഷം ജോലിചെയ്തെങ്കിലും കടത്തിന്റെ വ്യാപ്തി വർദ്ധിച്ചതല്ലാതെ മറ്റ് ഗുണങ്ങളൊന്നുമുണ്ടായില്ല. തുടർന്ന് നാട്ടിലെത്തിയ ശേഷം ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായിട്ടാണ് മലയിൻകീഴ് എത്തിയത്. എൻ.എസ്.എസ് കരയോഗം ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലെത്തിച്ചു. ഭാര്യയുടെയും മക്കളുടെയും നിലവിളി നാട്ടുകാരുടെ കണ്ണ് നനയിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. വൈകിട്ട് 6 മണിയോടെ ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: കൃഷ്ണപ്രിയ. മക്കൾ: അർജ്ജുൻ.ജെ.കൃഷ്ണ, അനന്തു.ജെ.കൃഷ്ണ.