തിരുവനന്തപുരം: കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം പ്രളയബാധിതർക്കായി 18.5 കോടി ചെലവിൽ 371 വീടുകൾ നിർമ്മാണത്തിലാണെന്ന് മുൻ പ്രസിഡന്റും ഭവനനിർമ്മാണ കമ്മിറ്റി ചെയർമാനുമായ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ്, കെ.പി.സി.സി പ്രസിഡന്റ് മാറ്റം, ഫണ്ട് പിരിവ് എന്നിവ കാരണം പ്രതീക്ഷിച്ച പണം ലഭിച്ചില്ല. ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ വ്യാപകപിരിവ് നടത്തിയതും ബാധിച്ചു. സ്വന്തം പാർട്ടിക്കാരോടും മുഖ്യമന്ത്രിയോടും ഫണ്ടിന്റെ കണക്ക് ചോദിക്കാനാവാത്തതിനാലാണ് ഡി.വൈ.എഫ്.ഐക്കാർ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത്. സർക്കാരിന്റെ പരാജയം മറയ്‌ക്കാനാണ് കെ.പി.സി.സി വീടുവച്ചതിന്റെ കണക്ക് മുഖ്യമന്ത്രി ചോദിക്കുന്നത്.
ആയിരം വീടുകൾ നിർമ്മിക്കാൻ 50 കോടി വേണമായിരുന്നു. എന്നാൽ കെ.പി.സി.സിയുടെ പ്രത്യേക അക്കൗണ്ടിലേക്ക് 3,53,43,903 രൂപയാണ് കിട്ടിയത്. ലഭിച്ച ഫണ്ടുപയോഗിച്ച് ആലപ്പുഴ - 4, എറണാകുളം - 6, വയനാട് - 7, ഇടുക്കി - 5, തിരുവനന്തപുരം - 1 എന്നിങ്ങനെ 23 വീടുകൾ നിർമ്മാണത്തിലാണ്. ഗുണഭോക്താക്കൾക്ക് 1.15 കോടി നൽകി. ബാക്കി 2.38 കോടിയിൽ നിന്ന് വിവിധ ജില്ലകളിലായി 47 വീടുകൾ നിർമ്മിക്കുകയാണ്. 76 വീടുകളുടെ നിർമ്മാണം ഡിസംബറിനകം പൂർത്തിയാക്കും. കർണാടക പി.സി.സി വാഗ്‌ദാനം ചെയ്‌ത ഒരു കോടി കിട്ടിയാൽ 20 വീടുകൾ കൂടി നിർമ്മിക്കും. 14 ഡി.സി.സികളുടെ നേതൃത്വത്തിൽ 110 വീടുകളും നിർമ്മിക്കുന്നുണ്ട്.
വി.ഡി. സതീശൻ, അൻവർ സാദത്ത്, ഹൈബി ഈഡൻ, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ മണ്ഡലങ്ങളിൽ 100ഉം കോൺഗ്രസിന്റെ സർവീസ് സംഘടനകൾ വിവിധ ജില്ലകളിലായി 30ഉം വീടുകൾ നിർമ്മിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സ്വന്തം മണ്ഡലത്തിലും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലുമായി 25ഉം, മലപ്പുറം മുന്നിയൂർ മണ്ഡലത്തിൽ കെ.എസ്.യു മുൻ വൈസ് പ്രസിഡന്റ് ഡോ. നയിം മുള്ളുങ്കളുടെ നേതൃത്വത്തിൽ 10ഉം വീടുകൾ നിർമ്മിക്കും.