electric-bill

തിരുവനന്തപുരം: ജനത്തെ ഷോക്കടിപ്പിച്ച വൈദ്യുതി ചാ‌ർജ് വർദ്ധനയ്‌ക്ക് പിന്നാലെ ഇരുട്ടടിയായി പവർകട്ടും വരുന്നു. കാലവർഷം കുറഞ്ഞതാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലാക്കിയത്. മഴ ഇനിയും കുറഞ്ഞാൽ ലോഡ് ഷെഡിംഗ്‌ വേണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം മന്ത്രി എം.എം. മണി ഇന്നലെ സൂചിപ്പിക്കുകയും ചെയ്‌തു. 15 വരെ മഴയില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബിയും തീരുമാനിച്ചിരുന്നു.

പത്ത് ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളത്. കാലവർഷമെത്തി 40 ദിവസം കഴിഞ്ഞിട്ടും പ്രതീക്ഷിച്ചതിന്റെ പകുതി മഴ പോലും ലഭിച്ചില്ല. 40 ദിവസം 798 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ കിട്ടിയത് 435 മില്ലിമീറ്റർ മാത്രം. കാലവർഷം ഉടൻ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും കണക്കുകൂട്ടുന്നില്ല.

ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 13 ശതമാനമേ വെള്ളമുള്ളൂ. ഈ മാസം പ്രതീക്ഷിക്കുന്ന പരമാവധി നീരൊഴുക്ക് 1523 ദശലക്ഷം യൂണിറ്റാണ്. ഇതിന്റെ 25 ശതമാനം ലഭിച്ചാൽ പോലും ആഗസ്റ്റ് ആദ്യവാരം അലർട്ട് ലെവലായ 392 ദശലക്ഷം യൂണിറ്റിന് മുകളിൽ സംഭരണശേഷി നിലനിറുത്താമെന്നായിരുന്നു കെ.എസ്.ഇ.ബി വിലയിരുത്തൽ. എന്നാൽ ഇപ്പോൾ അതിനും താഴേക്ക് പോകുമെന്നാണ് സൂചന.