തിരുവനന്തപുരം: പാവപ്പെട്ട രോഗികൾക്ക് ആശ്രയമായ കാരുണ്യ ചികിത്സാ പദ്ധതിക്ക് പണം കണ്ടെത്താനുള്ള കാരുണ്യ ലോട്ടറികൾ വഴി സർക്കാരിന് കോടികൾ ലാഭം കിട്ടിയിട്ടും ചികിത്സാഫണ്ടിലേക്ക് പണം കൊടുക്കാൻ പിശുക്കുന്നു. ഇത് കാരണം നിർദ്ധനരായ ലക്ഷക്കണക്കിന് രോഗികളുടെ ആശുപത്രി ബില്ലുകൾ തീർപ്പാക്കാതെ കിടക്കുകയാണ്.
കാരുണ്യ, കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റുകളുടെ വില്പനയിലൂടെ മൂന്ന് വർഷത്തെ സർക്കാരിന്റെ അറ്റാദായം 1,113.65 കോടി രൂപയാണ്. കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ഇക്കഴിഞ്ഞ മേയിൽ ഫണ്ട് അഡ്മിനിസ്ട്രേറ്റർ 100 കോടി രൂപ ആവശ്യപ്പെട്ടു. നികുതി വകുപ്പ് അനുവദിച്ചത് 50 കോടി മാത്രം.
കാരുണ്യ ചികിത്സാ സഹായത്തിനായി ജൂൺ 30 വരെയുള്ള ബില്ലുകൾ ജില്ലാ ഓഫീസുകളിൽ ഈ മാസം മൂന്ന് വരെ സ്വീകരിച്ചാൽ മതിയെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. ഇത് കാരണം സംസ്ഥാനത്തെമ്പാടും നിന്നുള്ള രോഗികളുടെ ചികിത്സാ ബില്ലുകൾ അനിശ്ചിതത്വത്തിലാണ്. ജൂൺ 30 വരെയുള്ള ബില്ലുകൾ ജൂലായ് മൂന്നിന് ശേഷവും ജില്ലാ ഓഫീസുകളിൽ ലഭിക്കുന്നുണ്ട്. എന്നാൽ, നിർദ്ധനരോഗികൾക്ക് ആശ്വാസം നൽകാനാവാത്ത നിസഹായതയിലാണ് ജില്ലാ അധികൃതർ.
ഇടതുസർക്കാർ അധികാരമേറ്ര ശേഷം 2016-17, 17- 18, 18- 19 വർഷങ്ങളിലായി കാരുണ്യ ലോട്ടറിയിലൂടെ 566.77കോടി രൂപയും കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ 546.88 കോടിയും അറ്റാദായമുണ്ടായെന്നാണ് സർക്കാർ നിയമസഭയിൽ നൽകിയ കണക്ക്. ഈ സർക്കാർ വന്ന ശേഷം കഴിഞ്ഞ ജനുവരി 15 വരെ കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്ന് ധനസഹായമായി നൽകിയത് 766.54 കോടി രൂപയും. .
താളം തെറ്റിയത് ഇങ്ങനെ:
സംസ്ഥാന സർക്കാരിന്റെ പുതിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ കാരുണ്യ ബെനവലന്റ് ഫണ്ട് ലയിപ്പിക്കാൻ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് കഴിഞ്ഞ വർഷം ഉത്തരവായിരുന്നു. ഈ ആരോഗ്യ സുരക്ഷാപദ്ധതി കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കുമെന്നു പറഞ്ഞതോടെയാണ് കാരുണ്യ ബെനവലന്റ് ഫണ്ട് അനിശ്ചിതത്വത്തിലായത്. പല പ്രമുഖ ആശുപത്രികളും പുതിയ ഇൻഷ്വറൻസ് പദ്ധതിയോട് മുഖം തിരിച്ചതോടെയാണ് മൊത്തം ചികിത്സാപദ്ധതിയും താളം തെറ്റിയത്.
കാരുണ്യ ലോട്ടറിയിലെ അറ്റാദായം:
2016- 17: 192.77 കോടി രൂപ
2017-18: 207.97 ''
2018-19: 166.03 ''
കാരുണ്യ പ്ലസ് ലോട്ടറിയിലെ അറ്രാദായം
(കോടികളിൽ)
2016-17: 177. 49 കോടി രൂപ
2017-18: 204.02 ''
2018-19: 165.37 ''
(സർക്കാർ നിയമസഭയിൽ നൽകിയ ഉത്തരം)