പാറശാല: ദീർഘദൂര ഓട്ടക്കാരൻ ധനുവച്ചപുരം വൈദ്യൻവിളാകത്ത് വീട്ടിൽ ബാഹുലേയന് ലഭിക്കാനുള്ള വീട് വ്യാജരേഖകൾ ചമച്ച് മറ്റൊരാൾ തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ 15 വർഷക്കാലമായി കായികരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നതും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നടന്നിട്ടുള്ള ദേശീയ സംസ്ഥാന തലങ്ങളിൽ പങ്കെടുത്തിട്ടുള്ള ബാഹുലേയന് 2008- ൽ ലിംക ബുക്ക് ജേതാവായി അംഗീകാരവും ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ ബാഹുലേയന് 2013 -ൽ കൊല്ലം ആശ്രാമം മൈതാനത്തുള്ള സ്റ്റേഡിയത്തിൽ പ്യൂണായി താത്കാലിക ജോലി ലഭിച്ചിട്ടുണ്ടെങ്കിലും സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. എന്നാൽ ദയനീയാവസ്ഥ കണ്ടറിഞ്ഞ അമ്മ എന്ന സംഘടന പാവപ്പെട്ട കലാകാരന്മാർക്കും കായികതാരങ്ങൾക്കും സൗജ്യന്യമായി നിർമ്മിച്ച് നൽകുന്ന പാർപ്പിടം പദ്ധതിയുടെ ഭാഹഗമായി ബാഹുലേയനും ഒരു വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചിരുന്നു. ബാഹുലേയൻ വീടിന് അർഹനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഘടനയുടെ ഭാരവാഹികൾ ധനുവച്ചപുരത്തെത്തി ബാഹുലേയന്റെ ഷീറ്റിട്ട വീട് പരിശോധിച്ച ശേഷം പുതിയ വീട് നിർമ്മിച്ച് ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ച ശേഷം വീട് നൽകുന്നതാണെന്ന വാഗ്ദാനവും നൽകിയിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഭാരവാഹികൾ വീട്ടിൽ എത്തിയത്. എന്നാൽ തനിക്ക് ലഭിക്കേണ്ടതായ വീട് രാഷ്ട്രീയ സ്വാധീനത്തിന്റെ പിൻബലത്തോടെ വ്യാജ രേഖകൾ ചമച്ച് താലൂക്കിലെ മറ്റൊരാൾ തട്ടിയെടുത്തെന്നാണ് ബാഹുലേയൻ പറയുന്നത്. കബളിപ്പിച്ച് വീട് തട്ടിയെടുത്തതിനെതിരെ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നതാണ് ബാഹുലേയന്റെ ആവശ്യം.