dgp
ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പീരുമേട് ജയിൽ സന്ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നു

തിരുവനന്തപുരം: തടവുകാരിൽ നിന്ന് ലഹരിമരുന്നും ആയുധങ്ങളും മൊബൈൽഫോണുകളും പവർബാങ്കുകളും വൻതോതിൽ പിടിച്ചെടുത്തതിനെത്തുടർന്ന് സെൻട്രൽ ജയിലുകളിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ശുദ്ധികലശം തുടങ്ങി.

മൂന്നു വർഷത്തിലേറെയായി ഒരേ ജയിലിൽ ജോലി ചെയ്തിരുന്ന 150 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അസിസ്​റ്റന്റ് പ്രിസൺ ഓഫീസർ, ഗേ​റ്റ് കീപ്പർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എന്നിവരെയാണ് മാറ്റിയത്. പലരും പത്തും പതിനഞ്ചും വർഷമായി ഒരേ ജയിലിൽ തന്നെയുണ്ടായിരുന്നവരാണ്. കണ്ണൂരിൽ നിന്ന് 50 പേരെയാണ് മാറ്റിയത്. ജയിൽ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന നേതാക്കളെയും സ്ഥലംമാറ്റിയിട്ടുണ്ട്. കണ്ണൂർ, തൃശൂർ വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിൽ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തടവുകാരുടെ പക്കൽ നിന്ന് എഴുപതോളം സ്‌മാർട്ട് ഫോണുകളും കഞ്ചാവും മറ്റും പിടിച്ചെടുത്തിരുന്നു.

ജയിൽ ശുദ്ധീകരണത്തിന് ഋഷിരാജ് സിംഗിന് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയുണ്ട്. തെ​റ്റുതിരുത്തൽ കേന്ദ്രങ്ങളാകേണ്ട ജയിലുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്റി മുന്നറിയിപ്പു നൽകിയിരുന്നു. ജില്ലാ ജയിലുകളിലെയും സബ്‌ജയിലുകളിലെയും ഉദ്യോഗസ്ഥരെയും സ്ഥലംമാ​റ്റുന്നത് അടക്കമുള്ള നടപടികളും ആലോചിക്കുന്നുണ്ട്. വർഷങ്ങളായി ഒരേ ജയിലിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പട്ടിക ശേഖരിച്ചു വരികയാണ്.ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ആറു പേരെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. രണ്ടു താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിട്ടുമുണ്ട്. അതിനിടെ, സ്‌കൂളുകൾ തുറന്നതിന് പിന്നാലെയുള്ള സ്ഥലംമാ​റ്റം തങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.