bjp

തിരുവനന്തപുരം: നഗരത്തിലെ പാതയോരങ്ങളിൽ പേ ആൻഡ് പാർക്ക് സംവിധാനം തുടരാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. മൂന്നുമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത്. പി.ഡബ്ളിയു.ഡി റോഡിൽ പാർക്കിംഗ് ഫീസ് പിരിക്കാൻ നഗരസഭയ്ക്ക് അധികാരമില്ലെന്ന മന്ത്രി ജി. സുധാകരന്റെ അഭിപ്രായത്തെ പിന്താങ്ങി ബി.ജെ.പി അംഗങ്ങൾ നിലവിലെ സംവിധാനത്തെ എതിർത്തെങ്കിലും ഭരണപക്ഷം ചെവിക്കൊണ്ടില്ല. ഫീസ് പിരിക്കാതെ പാർക്കിംഗ് സംവിധാനം അവസാനിപ്പിക്കണമെന്നും നിലവിലുള്ള വാർഡൻമാരെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിംഗ് കേന്ദ്രങ്ങളായ തമ്പാനൂർ, പുത്തരിക്കണ്ടം, പാളയം എന്നിവിടങ്ങളിലേക്ക് നിയോഗിക്കണമെന്നും ബി.ജെ.പി അംഗങ്ങൾ ബദൽ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചെങ്കിലും കൗൺസിൽ അംഗീകരിച്ചില്ല. ചില ഇളവുകൾ നൽകിക്കൊണ്ട് നിലവിലെ സ്ഥിതി തുടരണമെന്നായിരുന്നു യു.ഡി.എഫിന്റെയും നിലപാട്.

മാരത്തൺ ചർച്ച, ഒടുവിൽ തീരുമാനം

പാതയോരങ്ങളിൽ ഫീസ് വാങ്ങിയുള്ള പാർക്കിംഗ് നിയമവിരുദ്ധമാണെന്നും അതിനാൽ പണം വാങ്ങുന്നത് ഒഴിവാക്കണമെന്നുമായിരുന്നു ബി.ജെ.പി കക്ഷി നേതാവ് എം.ആർ. ഗോപന്റെ ആവശ്യം. ഇതിന് പകരം ഇപ്പോൾ ജോലി ചെയ്യുന്ന വാർഡൻമാർക്ക് നഗരസഭയുടെ പാർക്കിംഗ് കേന്ദ്രങ്ങളിൽ നേരിട്ട് ജോലി നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ പണം പിരിക്കാതിരുന്നാൽ ഉത്തരവാദിത്വം ഇല്ലാതാകുമെന്നും നഗരത്തിലെ ഒരു വ്യക്തി പോലും പരാതിയുമായി കോടതിയെ സമീപിച്ചിട്ടില്ലെന്നും എൽ.ഡി.എഫ് കൗൺസിലർ ആർ. സതീഷ് കുമാർ ചൂണ്ടിക്കാട്ടി.
നിലവിലെ സ്ഥിതി തുടരുന്നതിൽ തെറ്റില്ലെന്ന് യു.ഡി.എഫ് നേതാവ് ജോൺസൺ ജോസഫ് ചൂണ്ടിക്കാട്ടിയപ്പോൾ അനധികൃതമായ ഫീസ് പിരിവ് ഭരണഘടന സ്ഥാപനത്തിന് ചേർന്നതല്ലെന്ന് ബി.ജെ.പി നേതാവ് ഗിരികുമാർ പറഞ്ഞു.
ഒരു രൂപയുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനും രണ്ട് രൂപയുടെ ഗുളികവാങ്ങാനും പത്ത് രൂപ പാർക്കിംഗ് ഫീസ് കൊടുക്കേണ്ട സ്ഥിതിയാണെന്ന് കരമന അജിത്ത് ആരോപിച്ചു. നഗരസഭ വമ്പൻ കെട്ടിടങ്ങൾ പാർക്കിംഗ് സ്ഥലം കെട്ടിയടച്ച് മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടും അധികൃതർ പരിശോധിക്കുന്നില്ലെന്ന് പീറ്റർ സോളമൻ ചൂണ്ടിക്കാട്ടി.
വകുപ്പിന്റെയോ ചട്ടത്തിന്റെയോ പിന്തുണയില്ലാതെയാണ് റോഡ് വക്കിലെ പണം വാങ്ങിയുള്ള പാർക്കിംഗ് നടത്തുന്നതെന്ന് തിരുമല അനിൽ ആരോപിച്ചു. ഈ സംവിധാനത്തിന്റെ മെച്ചം മന്ത്രിയെ പറഞ്ഞ് മനസിലാക്കണമെന്ന് ബീമാപള്ളി റഷീദ് നിർദ്ദേശിച്ചു.
എന്നാൽ ട്രാഫിക് ക്രമീകരണ സമിതികൾ രൂപീകരിക്കാനുള്ള 2011 ലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നഗരസഭയ്ക്ക് അനുമതിയുണ്ടെന്ന് ടൗൺപ്ലാനിംഗ് സ്ഥിരം സമിതി അദ്ധ്യക്ഷൻ പാളയം രാജൻ പറഞ്ഞു.
ഈ ഉത്തരവ് പ്രകാരമാണ് പണം വാങ്ങിയുള്ള പാർക്കിംഗും ഗതാഗത ക്രമീകരണവും ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് മേയർ വി.കെ. പ്രശാന്ത് ചൂണ്ടിക്കാട്ടി. മന്ത്രി ജി. സുധാകരനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ചില സ്ഥലങ്ങളിലെ പാർക്കിംഗ് ഒഴിവാക്കി മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി. ജയലക്ഷ്മി, ബിന്ദു ശ്രീകുമാർ, വി.ആർ. സിനി, മേടയിൽ വിക്രമൻ എന്നിവരും സംസാരിച്ചു.