നേമം: രാത്രി സമയത്ത് വീടിന്റെ പുറകിൽ സംശയമായ സാഹചര്യത്തിൽ കണ്ട യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കരമന മങ്കാട് ലെയിൻ ദാറുൽകൗസറിൽ പ്രവാസിയായ അലിയാരുകുഞ്ഞിന്റെ മൂന്ന് നില വീടിന്റെ പിന്നിലാണ് കഴിഞ്ഞദിവസം രാത്രി 8 ഓടെ 25 നും 30 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിനെ കണ്ടത്. ഇയാൾ വീടിന്റെ പിന്നിൽ ഗ്രിൽ ഘടിപ്പിച്ച ഭാഗത്തുകൂടി മതിൽ ചാടി എത്തുന്നതും വീടിനുളളിലേയ്ക്ക് എത്തി നോക്കുന്നതും വീടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. കുറച്ചു സമയം വീടിന്റെ പുറകുവശത്ത് ചിലവിട്ട ഇയാൾ വീടിന്റെ ഒരറ്റം മുതൽ മറ്രെ അറ്റം വരെ പോകുന്നതും തിരികെ വരുന്നതും കാമറയിൽ പതിഞ്ഞിരുന്നു. പാന്റ്സും ഷർട്ടും ധരിച്ച് തലയിൽ തൊപ്പി ധരിച്ചിട്ടുളള യുവാവ് മലയാളിയാണോ എന്ന് സംശയമുണ്ട്. ഇയാളുടെ നിഴൽ വീട്ടിനുളളിൽ പതിഞ്ഞതോടെ വീട്ടുകാർ പുറത്തിറങ്ങുകയും ഈ സമയം യുവാവ് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ യുവാവ് തിരുവനന്തപുരം ജില്ലാക്കാരനാണെന്നും മുമ്പ് ഒരടിപിടി കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടിട്ടുളള ആളാണെന്നുമാണ് കരമന പൊലീസ് പറയുന്നത്. വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.