kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സിൻഡിക്കേ​റ്റ് നിലവിലില്ലാതിരിക്കേ, യു.ജി.സി ശമ്പള കുടിശിക തുക സർവകലാശാലയുടെ തനതു ഫണ്ടിൽ നിന്നു നൽകാനുള്ള വൈസ് ചാൻസലറുടെ ഉത്തരവ് വിവാദമായി.

മുൻ വി.സി രാമചന്ദ്രൻ നായർ ഉൾപ്പെടെയുള്ളവർക്ക് യു.ജി.സി നാലാം ഗഡുവിൽ ഉൾപ്പെടാത്ത 20 ലക്ഷത്തോളം രൂപ വീതം സർവകലാശാലയുടെ തനത് ഫണ്ടിൽ നിന്നു നൽകാനാണു നിർദേശം. സിൻഡിക്കേ​റ്റ് നിലവിലില്ലാതിരിക്കേ അടിയന്തര സ്വഭാവമില്ലാത്ത ഇത്തരം വിഷയങ്ങളിൽ വൈസ് ചാൻസലർ തീരുമാനമെടുക്കുന്നതിനെതിരേ ഭരണകക്ഷി സംഘടനകളടക്കം രംഗത്തെത്തി. ഇത്തരം നടപടി വൈസ്ചാൻസലറുടെ അധികാര ദുർവിനിയോഗമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കേരള സർവകലാശാലയിലെ യു.ജി.സി ആറാം ശമ്പള പരിഷ്‌കരണ കുടിശിക തുക സർവകലാശാലയുടെ തനതു ഫണ്ടിൽ നിന്നു നൽകാൻ നേരത്തെ നീക്കം നടന്നിരുന്നു. തനതു ഫണ്ടിൽ നിന്നു അധ്യാപകരുടെ ശമ്പള കുടിശിക നല്കിയാൽ സർവകലാശാല പ്രതിസന്ധിയിലാകുമെന്നു ആരോപണം ഉയർന്നിരുന്നു.
തുടർന്ന് ആ നീക്കം അന്നത്തെ സിൻഡിക്കേ​റ്റ് ഉപേക്ഷിച്ചു. അധ്യാപകർ സർക്കാരിൽ സമ്മർദം ചെലുത്തി നോൺ പ്ലാൻ ഫണ്ടിൽ നിന്ന് നേടിയെടുക്കാനായിരുന്നു തീരുമാനം. ഇതു നിലവിലിരിക്കെയാണ് പുതിയ ഉത്തരവ്. യുജിസി കുടിശികയുടെ മൂന്നാംഗഡുവായ ഏഴു കോടി രൂപ നേരത്തെ സർവകലാശാലയുടെ തനതു ഫണ്ടിൽ നിന്നു നൽകിയത് ഓഡി​റ്റ് വിഭാഗത്തിന്റെ എതിർപ്പിന് ഇടയാക്കിയിരുന്നു.