തിരുവനന്തപുരം : നഗരത്തിൽ സ്വർണ വ്യാപാരി ബിജുവിനെ ആക്രമിച്ച് ഒന്നര കിലോ സ്വർണം കവർന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ രണ്ട് ദിവസം വൈകും. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സ്ഥലം മാറി പോയതിനാൽ പുതിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റ ശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം. പുതിയ സി.ഐ രണ്ടു ദിവസത്തിനകം ചുമതലയേൽക്കും. ഇതിന് ശേഷം അറസ്റ്റിലായ ഏഴുപേരെയും കസ്റ്റഡിയിൽ വാങ്ങും. സംഭവം നടന്ന ശ്രീവരാഹം, കാർ ഒളിപ്പിച്ച നെയാറ്റിൻകര, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, പ്രതികൾ ഒളിവിൽ കഴിഞ്ഞ തൃശൂർ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളിനെ കൂടി കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
സംഭവത്തിൽ നേരിട്ട് പങ്കുള്ള നാലു പേരും സഹായികളായ മൂന്നു പേരും ഉൾപ്പെടെ ഏഴ് പേരാണ് പിടിയിലായത്. കവർച്ചാ സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകിയ ബിജുവിന്റെ ജീവനക്കാരനായിരുന്ന അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സ്വർണം പൊലീസിന് ഇതു വരെ കണ്ടെത്താനായിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷമേ ഇക്കാര്യം വ്യക്തമാകൂ. സ്വർണം ഒളിപ്പിച്ചോ, വില്പന നടത്തിയോ എന്നതും കണ്ടെത്തേണ്ടതുണ്ട്.