rd

കല്ലറ: ചെല്ലഞ്ചി പാലത്തിന്റെ പണികൾ പൂർത്തിയാക്കി ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. എന്നാൽ ഇതിന്റെ സന്തോഷമൊന്നും നാട്ടിലില്ല. റോഡില്ലാതെ പാലം കൊണ്ട് എന്ത് പ്രയോജനം എന്നാണ് നാട്ടുകാരുടെ ചോദ്യം. പാലം പണി പൂർത്തിയായെങ്കിലും ഗതാഗതയോഗ്യമായ അപ്രോച്ച് റോ‌ഡ് നിർമ്മിക്കാത്തതാണ് നാട്ടുകാരെ നിരാശയിലാക്കുന്നത്. ചെല്ലഞ്ചി - പേരയം- നന്ദിയോട് റോഡിനെയും, ചെല്ലഞ്ചി -പരപ്പിൽ - മുതവിള റോഡിനെയും തമ്മിൽ ബന്ധിക്കാനായാണ് ചെല്ലഞ്ചിയിൽ ആറിന് കുറുകെ പാലം നിർമ്മിച്ചത്. ഇതിൽ ചെല്ലഞ്ചി - പേരയം - നന്ദിയോട് റോ‌ഡ് മാത്രമാണ് ഗതാഗത യോഗ്യമായിട്ടുള്ളത്. ചെല്ലഞ്ചി - പരപ്പിൽ - മുതുവിള റോഡിന്റെ പകുതി ഭാഗവും ഇപ്പോഴും ചെറിയ വാഹനങ്ങൾ മാത്രം കടന്ന് പോകാൻ കഴിയുന്ന വിധമുള്ള മൺപ്പാതയാണ്. സ്ഥലം എറ്റെടുത്ത് റോഡിന് വീതി കൂട്ടിയാൽ മാത്രമേ സർവീസ് ബസുകൾക്കും മറ്റു വലിയ വാഹനങ്ങൾക്കും ഇതുവഴി കടന്ന് പോകാനാകൂ.

നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പാലം നിർമ്മിച്ചത്. കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു പാലത്തിന്റെ പണികൾ ആദ്യം ഏറ്റെടുത്തിരുന്നത്. പിന്നീട് ഇവർ ജോലികൾ സ്വകാര്യകമ്പനികളെ ഏൽപ്പിച്ചു. കല്ലറ, നന്ദിയോട് പഞ്ചായത്തുകളെ തമ്മിൽ നേരിട്ടും, പാങ്ങോട്, പനവൂർ, പുല്ലമ്പാറ, പെരിങ്ങമ്മല പഞ്ചായത്തുകളെ പരോക്ഷമായും ബന്ധിപ്പിക്കുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം. നൂറ്റാണ്ടുകളായി കടത്ത് വള്ളത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞ് വരുന്ന ഗ്രാമീണർക്ക് സ്വപ്ന സാക്ഷാത്കാരമായിരുന്നു ചെല്ലഞ്ചി കടവിലെ ഈ പാലം.