തിരുവനന്തപുരം: സംസ്ഥാനത്തെ ജി.എസ്.ടി നികുതി പിരിവിൽ കാര്യമായ വർദ്ധനവ് വരാത്തതോടെ ഐ.പി.എസുകാരെയും ഐ. ആർ.എസുകാരെയും (ഇന്ത്യൻ റവന്യൂ സർവീസ്) തലപ്പത്തിരുത്തി പരീക്ഷണം നടത്താൻ സർക്കാർ ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടു വർഷമായി ജി.എസ്. ടി നികുതി നടപ്പിലാക്കിയിട്ടും പ്രതീക്ഷിച്ചത്ര നികുതി പിരിവ് നടക്കാത്തതിനാലാണ് ഇവരെ പരീക്ഷിക്കുന്നത്. പുതിയ മാറ്രത്തിനായി സംസ്ഥാന സർക്കാർ ജി.എസ്. ടി കൗൺസിലിനെ സമീപിച്ചിരിക്കുകയാണെന്നാണ് അറിവ്. ജി.എസ്. ടി കൗൺസിൽ അംഗീകാരം നൽകിയാൽ എ.പി.എസുകാർക്കൊപ്പം കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കസ്റ്റംസ്, എക്സൈസ് ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ നികുതി വകുപ്പിന്റെയും ജി.എസ്. ടി പിരിവിന്റെയും തലപ്പത്ത് വരും.
ജി.എസ്. ടി വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വാറ്ര് നികുതി നിയമപ്രകാരം സംസ്ഥാന സർക്കാരിന് ചരക്കുകളുടെ നികുതി മാത്രമേ ഈടാക്കാൻ കഴിയുമായിരുന്നുള്ളു. ജി.എസ്.ടി നിലവിൽ വന്ന 2017 ജൂലായ് ഒന്നുമുതൽ നേരത്തെ കേന്ദ്രസർക്കാർ പിരിച്ചിരുന്ന സേവന നികുതി കൂടി ഇവിടെ പിരിച്ച ശേഷം പകുതി കേന്ദ്ര സർക്കാരിന് നൽകുകയാണ് ചെയ്യുന്നത്. മൊബൈൽ ഫോൺ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വാടക, ഫ്ലാറ്ര്, കരാർ, വാഹന സർവീസിംഗ് തുടങ്ങി ചരക്കുകളൊഴികെയുള്ള എല്ലാവിധ സേവനങ്ങൾക്കും സേവന നികുതിയാണ് ഈടാക്കുക.
നേരത്തെ കസ്റ്റംസ്, സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥർ പിരിച്ചിരുന്ന ഈ നികുതി മേഖലയെക്കുറിച്ച് സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ജീവനക്കാർക്ക് പലതവണ പരിശീലനം നൽകിയിരുന്നു. എന്നിട്ടും സംസ്ഥാന ജീവനക്കാർക്ക് സേവന നികുതി പിരിവിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതാണ് പുതിയ നീക്കത്തിന് കാരണമായി പറയുന്നത്. ഇപ്പോൾ തന്നെ നികുതി വകുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളിൽ കസ്റ്രംസ്, സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കുന്നതായി ആക്ഷേപമുണ്ട്.
നാല് മുതിർന്ന ഐ.എസ് എസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ഇപ്പോൾ നികുതി വകുപ്പിന്റെ തലപ്പത്തുള്ളത്. നികുതി വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, കമ്മിഷണർ ടിങ്കു ബിസ്വാൾ, അഡിഷണൽ കമ്മിഷണർമാരായ ഷൈനാമോൾ, മുഹമ്മദ് വൈ. സഫീറുള്ള എന്നിവരാണവർ. നികുതി പിരിവുമായി ബന്ധപ്പെട്ട പരിശോധന, ഇന്റലിജൻസ് എന്നിവ ഐ.പി.എസുകാരെയും നികുതി പിരിവ് ഐ.ആർ.എസുകാരെയും സജീവമായി ഏല്പിക്കാനാണ് നീക്കം. ഇവർക്ക് കൂടുതൽ അധികാരങ്ങൾ നൽകും. ഇതോടെ ഐ.എ.എസുകാർ നികുതി വകുപ്പിലെ ഭരണ വിഭാഗം ജോലിയുമായി കഴിയേണ്ടിവരും. സംസ്ഥാന നികുതി വകുപ്പിലുള്ളത് മികച്ച ഉദ്യോഗസ്ഥരാണെന്നും അവരെ വിലകുറച്ചുകാണരുതെന്നുമാണ് ഐ.എ. എസുകാരെ അനുകൂലിക്കുന്നവർ പറയുന്നത്.
നികുതി പരിശോധനയ്ക്ക് മൂർച്ച കൂട്ടാനാണ് ഐ.പി.എസുകാരെ കൊണ്ടുവരുന്നതെന്നാണ് വാദം. പരിശോധന ടീമിന് ഇപ്പോൾ തന്നെ പൊലീസ് സഹായം ലഭ്യമാകുമെങ്കിലും ഐ.പി.എസുകാർ തലപ്പത്ത് വന്നാൽ ഇത് കാര്യക്ഷമമാകുമത്രെ. അതേസമയം വകുപ്പിലേക്ക് അനാവശ്യമായി കേന്ദ്രസർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷൻ വഴി തിരുകി കയറ്രിയാൽ അത് ഭാവിയിൽ പൊല്ലാപ്പാകുമെന്ന ആശങ്കയിൽ ഭരണകക്ഷിയിൽ നിന്ന് എതിർപ്പും ഉയർന്നിട്ടുണ്ട്