തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡാം മാനേജ്മെന്റിന്റെ വീഴ്ച തുടരുന്നതാണ് വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് വഴിവച്ചിരിക്കുന്നത്. മഴക്കാലത്തുതന്നെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത് സർക്കാരിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
പെട്രോളിനും ഡീസലിനും വില കൂട്ടി കേന്ദ്രം ജനങ്ങളെ പീഡിപ്പിച്ചതിന് പിന്നാലെയാണ് ഇവിടെ വൈദ്യുതിനിരക്കും വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത്രയേറെ വൈദ്യുതിനിരക്ക് വർദ്ധിപ്പിച്ച കാലം മുമ്പുണ്ടായിട്ടില്ല.
വിലക്കയറ്റം നിയന്ത്രിക്കുക, നികുതി ഭാരം കുറയ്ക്കുക, കാരുണ്യ ചികിത്സാപദ്ധതി പുന:സ്ഥാപിക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 18ന് രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ യു,ഡി.എഫ് എം.എൽ.എമാർ ധർണ നടത്തുമെന്ന് ചെന്നിത്തല അറിയിച്ചു.
ഇതിന് മുന്നോടിയായി 15ന് എല്ലാ പഞ്ചായത്തുകളിലും പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ ഏകദിന ധർണ നടത്തും.