തിരുവനന്തപുരം: അഗ്നിബാധയിൽ നിന്ന് തലസ്ഥാനത്തെ രക്ഷിക്കുന്നതിന് നഗരസഭ പുതിയ സുരക്ഷാ പദ്ധതി ഒരുക്കുന്നു. ചാല, പഴവങ്ങാടി കേന്ദ്രീകരിച്ച് 44 ഫയർ ഹൈഡ്രന്റ് യൂണിറ്റുകൾ സ്ഥാപിക്കും. ഫയർ ഫോഴ്സിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് യൂണിറ്റുകൾ സ്ഥാപിക്കുന്നത്. വാട്ടർ അതോറിട്ടിക്കാണ് നിർമ്മാണ ചുമതല
ഇടുങ്ങിയ വഴികളുള്ളതും തിരക്കേറിയതുമായ ചാല പോലുള്ള പ്രദേശങ്ങളിൽ തീപിടിത്തമുണ്ടായാൽ അഗ്നിശമന സേനാ വാഹനങ്ങൾക്ക് പെട്ടെന്ന് എത്താനും തീ അണയ്ക്കാനും ഏറെ സമയമെടുക്കും. ഇത് കഷ്ടനഷ്ടങ്ങളുടെ തോത് വർദ്ധിക്കും. ഫയർ ഹൈഡ്രന്റ് യൂണിറ്റുകൾ സ്ഥാപിച്ചാൽ അതിൽ നിന്ന് ഹോസുപയോഗിച്ച് തീ പെട്ടെന്ന് അണയ്ക്കാം. ചാലയിൽ മുമ്പ് തീപിടിത്തമുണ്ടായപ്പോഴൊക്കെ ഫയർ ഹൈഡ്രന്റ് യൂണിറ്റുകൾ സ്ഥാപിക്കണമെന്ന് ഫയർഫോഴ്സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നീണ്ടുപോയി.
ഒടുവിൽ ജില്ലാ അഗ്നിസുരക്ഷാ ഓഫീസർ അബ്ദുൾ റഷീദ് പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ദുരന്തനിവാരണ അതോറിട്ടിക്ക് റിപ്പോർട്ടു നൽകി. റിപ്പോർട്ട് നഗരസഭയ്ക്ക് കൈമാറി. തുടർന്നാണ് നടപ്പിലാക്കാൻ തീരുമാനമായത്. ആദ്യഘട്ടത്തിൽ 17 ഉം രണ്ടാം ഘട്ടത്തിൽ 27ഉം ഫയർ ഹൈഡ്രന്റ് യൂണിറ്റുകൾ സ്ഥാപിക്കും. ഇപ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര നടകളിലും ആറ്റുകാൽ ക്ഷേത്രത്തിന് സമീപവും ഫയർ ഹൈഡ്രന്റ് യൂണിറ്റുകളുണ്ട്.
ഫയർ ഹൈഡ്രന്റ്
അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് എപ്പോഴും വെള്ളം ലഭ്യമാക്കുന്ന പോയിന്റുകളാണ് ഫയർ ഹൈഡ്രന്റുകൾ. ഫയർഫോഴ്സിനു മാത്രമേ ഉപയോഗിക്കാനാകൂ. ടാപ്പ് തുറക്കാനുള്ള താക്കോൽ അധികൃതരുടെ കൈവശമുണ്ടാകും. തീപിടിത്തമുണ്ടായാൽ ടാപ്പ് തുറന്നു ഹോസ് ഘടിപ്പിച്ച് വെള്ളമെടുക്കും. 78 ലക്ഷമാണ് നിർമ്മാണച്ചെലവ്.
ഫയർ ഹൈഡ്രന്റ് യൂണിറ്റുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്
1 ഗാന്ധിപാർക്ക്
2 പഴവങ്ങാടി ക്ഷേത്രം
3 പദ്മനാഭ തിയേറ്ററിനു പിൻവശം
4 കിള്ളിപ്പാലം ജംഗ്ഷൻ
5 ചാല മാർക്കറ്റ് ജംഗ്ഷൻ
6 ആര്യശാല ജംഗ്ഷൻ
7 ഫെഡറൽ ബാങ്ക്
8 അലഹബാദ് ബാങ്ക്
9 ചെന്തിട്ട ജംഗ്ഷൻ
10 അമ്റോൺ പെറ്റ് ഷോപ്പ്
11 മുത്തുമാരിഅമ്മൻ ക്ഷേത്രം
12 അട്ടക്കുളങ്ങര ജംഗ്ഷൻ
13 ഗണേശ് സ്റ്റോർ
14 ചാല പമ്പിംഗ് സ്റ്റേഷൻ റോഡ്
15 വിഴിഞ്ഞം പവർ ടൂൾസ്
16 മരക്കട റോഡ്
17ശീമാട്ടി ജംഗ്ഷൻ
രണ്ടാം ഘട്ടം
1 സഭാപതി കോവിൽ
2 കുമരിഅമ്മൻ ദേവീക്ഷേത്രം
3 റൂബിനഗർ ഫസ്റ്റ് സ്ട്രീറ്റ്
4 റൂബിനഗർ സെക്കൻഡ് സ്ട്രീറ്റ്
5 മാർജിൻ ഫ്രീ മാർക്കറ്റ്
6 ഇബ്രാഹിം സ്റ്റോർ ലെയിൻ
7 ഹോട്ടൽ റഹ്മാനിയ ലെയിൻ
8 ജുമാ മസ്ജിദ്
9 പുത്തരിക്കണ്ടം, കെ.എസ്.ആർ.ടി.സി ഡീസൽ പമ്പ്
10 സന്നിധി ജംഗ്ഷൻ
11 സ്റ്റേറ്റ് വെയർഹൗസ്
12 കരുപ്പട്ടിക്കട
13 പച്ചക്കറി മാർക്കറ്റ്
14 റാണി മാർക്കറ്റിനു സമീപം
15 എസ്.കെ.പി ടിംബേഴ്സ്
16 കുര്യാത്തി റോഡ്
17 ഡി.എൻ.എം ഫർണിഷിംഗ്
18 സുനിൽ ഗ്ലാസ് ഹൗസ്
19 ട്രിവാൻഡ്രം ട്യൂബ് കോർപറേഷൻ
20 ചാല തമിഴ് സ്കൂൾ
21 ഭഗവതി ക്ഷേത്രം
22 കിള്ളിപ്പാലം സൂര്യ ഹോട്ടലിനു പിൻവശം
23 സുലഭ
24 കല്യാൺ ഹോസ്പിറ്റൽ
25 കനറാ ബാങ്ക് എ.ടി.എം
26 അജന്ത തിയേറ്ററിനു സമീപം
27 ചെമ്പകശേരി മാടൻ തമ്പുരാൻ ക്ഷേത്രം
'തലസ്ഥാനത്ത് അഗ്നിസുരക്ഷാ പദ്ധതി അത്യാവശ്യമാണ്. ചാലയിലും പഴവങ്ങാടിയിലും മാത്രമല്ല, മറ്റ് തിരക്കേറിയ പ്രദേശത്തും ഫയർ ഹൈഡ്രന്റ് യൂണിറ്റുകൾ സ്ഥാപിക്കണം".
എ. ഹേമചന്ദ്രൻ, ഫയർഫോഴ്സ് മേധാവി
പുത്തരിക്കണ്ടത്ത് വാട്ടർ ഹൗസ്
അഗ്നിസുരക്ഷാ പദ്ധതിയുടെ ഭാഗമായി പുത്തരിക്കണ്ടത്തിനോടു ചേർന്ന് വാട്ടർ ഹൗസ് നഗരസഭ നിർമ്മിക്കും. വാട്ടർ അതോറിട്ടിയുടെ ലൈനിൽ വെള്ളമില്ലാത്ത അവസ്ഥയിൽ അത്യാവശ്യത്തിന് ഫയർ ഹൈഡ്രന്റുകളിൽ വെള്ളമെത്തിക്കാനാണ് വാട്ടർ ഹൗസ് നിർമ്മിക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടമായി ഇത് നിർമ്മിക്കുമെന്ന് മേയർ പറഞ്ഞു.