08-gh

തിരുവനന്തപുരം: ജനറൽ ആശുപത്രി വളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കൊതുക് ശല്യം കലശലായതോടെ പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണമെത്തിക്കുന്ന ഓൺലൈൻ ഭക്ഷണവിതരണക്കാരെ ഗെറ്റൗട്ടടിച്ച് ആശുപത്രി ജീവനക്കാർ. പ്ലാസ്റ്റിക് മാലിന്യമെത്തിക്കുന്നതിൽ മുൻപന്തിയിൽ ഇവരെന്നാണ് ആശുപത്രി അധികൃ‌തരുടെ വാദം. ഒപ്പം ആശുപത്രിയിലെത്തുന്ന കിടപ്പുരോഗികളോടും കൂട്ടിരിപ്പുകാരോടും പ്ലാസ്റ്റിക് മാലിന്യം ആശുപത്രിക്കുള്ളിൽ എത്തിക്കരുതെന്നും ആശുപത്രി ജീവനക്കാർ കർശനമായി നിഷ്കർഷിക്കുന്നു.

കൊതുകിന്റെ മഹാസമ്മേളനം

ആശുപത്രി പരിസരത്തും നഗരസഭാ പരിധിയിലും കൊതുക് ശല്യം വർദ്ധിച്ചതോടെയാണ് കാരണം അന്വേഷിച്ച് അധികൃതർ രംഗത്തിറങ്ങിയത്. നഗരസഭാ പരിധിയിലെ 60 സ്ഥലങ്ങളിൽ നടത്തിയ ഈഡിസ് കൊതുകുകളുടെയും ലാർവയുടെയും സാന്ദ്രതാ പഠനത്തിലാണ് ജില്ലയിൽ വീണ്ടുമൊരു ഡെങ്കിപ്പനി പകർച്ചയ്ക്കുള്ള സാദ്ധ്യത തിരിച്ചറിഞ്ഞിട്ടുള്ളത്. ചില സ്ഥലങ്ങളിൽ 10ഉം ചിലയിടങ്ങളിൽ 15ഉം ആണ് ലാർവയുടെ സാന്നിദ്ധ്യം. ഈഡിസ് കൊതുക് ലാർവാ സാന്നിദ്ധ്യം 60ന് മുകളിലാണെങ്കിൽ അവിടെ ഡെങ്കിപ്പനി പടരുന്നതിന് സാദ്ധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രദേശങ്ങളിൽ കൊതുക് ലാർവകളെ നശിപ്പിക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്. ജനറൽ ആശുപത്രി പരിസരത്ത് കൊതുക് പെരുകാൻ കാരണം പ്ലാസ്റ്റിക് മാലിന്യം പെരുകുന്നതാണെന്ന് കണ്ടെത്തിയതോടെയാണ് പ്ലാസ്റ്റിക് കവറുകൾ ആശുപത്രിക്കുള്ളിൽ കയറ്റില്ലെന്ന് അധികൃതർ തീരുമാനിച്ചത്.

ദിവസം 50 മുതൽ 70 ടൺ വരെ പ്ലാസ്റ്റിക് മാലിന്യം

700 കിടക്കകളുള്ള ആശുപത്രിയിൽ ചുരുങ്ങിയത് 1,500 പേരെങ്കിലും കിടപ്പുരോഗികളായും കൂട്ടിരിപ്പുകാരായും എത്തുന്നുണ്ട്. ഒ.പിയിൽ വന്ന് പോകുന്നവരുടെ കണക്കാകട്ടെ രണ്ടായിരത്തിലധികം വരും. ദിവസം 50 മുതൽ 70 ടൺ വരെ പ്ലാസ്റ്റിക് മാലിന്യം ആശുപത്രി വളപ്പിലുണ്ടാകുന്നുണ്ട്. എന്നാൽ കൂട്ടിയിട്ട് കത്തിക്കയല്ലാതെ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ ഒരു ഇൻസിനറേറ്റർ പോലും ആശുപത്രിയിലില്ല. അതിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ നിലവിൽ ചാല സ്വദേശിക്ക് കരാർ നൽകിയിരിക്കുകയാണ്.

ഓൺലൈൻ ഭക്ഷണവിതരണത്തിന്

ഓൺലൈൻ ഭക്ഷണ വിതരണത്തിനു പ്ലാസ്റ്റിക് ഉപയോഗിക്കാൻ പാടില്ലെന്ന മേയർ വി.കെ. പ്രശാന്തിന്റെ നിർദ്ദേശത്തിന് പുല്ല് വിലയാണ് ഭക്ഷണ വിതരണ കമ്പനികളും ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകളും നൽകുന്നത്. അതിനാൽ തന്നെ നഗരം പ്ലാസ്റ്റിക് മാലിന്യത്തിന്റെ പിടിയിലാണ്.