തിരുവനന്തപുരം: നിയന്ത്രണംവിട്ട സ്വകാര്യ ബസിടിച്ച് തകർന്ന ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണ് ബൈക്ക് തകർന്നു. ഇന്നലെ രാവിലെ 8.30ഓടെ ഏജീസ് ഓഫീസിന് സമീപമായിരുന്നു അപകടം. കിഴക്കേകോട്ടയിൽ നിന്ന് പാളയം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിന്നു. അപകടത്തിൽ തകർന്ന ഇലക്ട്രിക് പോസ്റ്റ് എതിർദിശയിൽ വരികയായിരുന്ന ചുള്ളിമാനൂർ സ്വദേശി അനസിന്റെ ബുള്ളറ്റിന്റെ പെട്രോൾ ടാങ്കിന് മുകളിലേക്കാണ് മറിഞ്ഞുവീണത്. ബൈക്കിന്റെ മുൻവശം പൂർണമായും തകർന്നു. അമ്പലത്തറ കൊർദോവ സ്‌കൂളിലെ ഐ.ടി അദ്ധ്യാപകനായ അനസ് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ബൈക്കിൽ നിന്ന് തെറിച്ചുവീണ അനസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ഒരു ആട്ടോയ്ക്കും ചെറിയ കേടുപാടുണ്ട്. അപകടത്തെ തുടർന്ന് ഗതാഗത തടസമുണ്ടായെങ്കിലും ചെങ്കൽചൂളയിൽ നിന്ന് ഫയർഫോഴ്സും കന്റോൺമെന്റ് പൊലീസുമെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.