mv-pillai

തിരുവനന്തപുരം : പി. കേശവദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ പി. കേശവദേവ് സാഹിത്യ പുരസ്കാരം എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായ ഡോ. എം.വി. പിള്ളയ്ക്ക് നൽകുമെന്ന് പുരസ്‌കാര കമ്മിറ്റി ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ അറിയിച്ചു. കാൻസർ രോഗവിദഗ്ദ്ധൻ എന്ന നിലയിൽ അമേരിക്കയിൽ സേവനം നടത്തുകയാണ് ഡോ. എം.വി. പിള്ള. ആരോഗ്യ -വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ട്രസ്റ്റ് ഏർപ്പെടുത്തിയ പി. കേശവദേവ് ഡയാബ്സ്‌ക്രീൻ കേരള പുരസ്കാരത്തിന് കേരള ടൈപ്പ് 1 ഡയബെറ്റിസ് വെൽഫെയർ സൊസൈറ്റി അർഹമായി. ജൂറി ചെയർമാൻ ഡോ. എൻ. അഹമ്മദ് പിള്ളയാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രത്യേക പുരസ്‌കാരത്തിന് എറണാകുളം മുൻ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള അർഹനായി. അൻപതിനായിരം രൂപയും ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡുകൾ 17ന് തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ജൂറി അംഗങ്ങളായ വിജയകൃഷ്ണൻ, ഡോ. അരുൺ ശങ്കർ, ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ജ്യോതിദേവ് കേശവദേവ്, ഡോ. സുനിത ജ്യോതിദേവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.