നെയ്യാറ്റിൻകര: മറ്റ് ഡിപ്പോകളേക്കാൾ കൂടുതൽ വരുമാനമുണ്ടായിട്ടും നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വികസനം മുരടിച്ചു കിടക്കുന്നതിനെ സംബന്ധിച്ച് എം.ഡി റിപ്പോർട്ട് തേടി.
അടിസ്ഥാന സൗകര്യമില്ലാത്ത ഡിപ്പോയെക്കുറിച്ച് 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. വെൽഫയർ ഓഫീസർ ഡിപ്പോയിലെത്തി പരിശോധന നടത്തി. ജില്ലയിൽ തമ്പാനൂർ മെയിൻ ഡിപ്പോ കഴിഞ്ഞാൽ ഏറ്റവുമധികം വരുമാനമുള്ള ഡിപ്പോയാണ് നെയ്യാറ്റിൻകര. എന്നിട്ടും വികസനകാര്യത്തിൽ മാനേജ്‌മെന്റ് ഡിപ്പോയോട് അവഗണന കാട്ടുകയാണെന്നാണ് ആക്ഷേപം. ഡിപ്പോയിലെ വികസന പ്രശ്നങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ എം.ഡി എം.പി.ദിനേശ് കെ.എസ്.ആർ.ടി.സി സൗത്ത് സോൺ ഡയറക്ടർ ജി.അനിൽകുമാറിനോടു ആവശ്യപ്പെട്ടതിനെ തുടർന്നാണ് വെൽഫയർ ഓഫീസർ ഷീല ഡിപ്പോയിലെത്തി പരിശോധന നടത്തിയത്. ഡിപ്പോയിലേക്ക് കയറുന്ന ഭാഗത്തെയും ഇറങ്ങുന്ന ഭാഗത്തെയും റോഡ് കുഴിയായി കിടക്കുകയാണ്. ഡിപ്പോയ്ക്കുള്ളിൽ കോൺക്രീറ്റ് ഇളകിയിരിക്കുകയാണ്. ജീവനക്കാരുടെ മുറി ഉപയോഗയോഗ്യമല്ല. ഡീസൽ നിറക്കുന്ന പമ്പ് സ്റ്റേഷനിൽ പോലും മേൽക്കൂരയില്ല. ഇവയെല്ലാം വെൽഫയർ ഓഫീസർ പരിശോധിച്ചു. ജീവനക്കാരുടെ പ്രതിനിധികളുമായി വികസന പ്രശ്നങ്ങൾ ചർച്ചചെയ്തു. അവധി ദിവസങ്ങളിൽ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നത് അവസാനിപ്പിക്കാൻ എ.ടി.ഒയ്ക്ക് നിർദ്ദേശം നൽകി. ഡിപ്പോ നവീകരണത്തിനായി കെ.ആൻസലൻ എം.എൽ.എയുടെ ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ ജീവനക്കാരുടെ യോഗത്തിൽ തീരുമാനിച്ചു.