secretariate

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെ.എ.എസ് ) മൂന്ന് ശാഖകളിലെ നിയമനങ്ങളിലും സംവരണം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങൾ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.

നേരിട്ടുള്ള നിയമനം നടത്തുന്ന ഒന്നാമത്തെ സ്ട്രീമിൽ മാത്രമാണ് ആദ്യം സംവരണം ബാധകമാക്കിയിരുന്നത്. തസ്തികമാറ്റ നിയമനം നടത്തുന്ന രണ്ടും മൂന്നും സ്ട്രീമുകളിൽ സംവരണം ബാധകമാക്കിയിരുന്നില്ല. അതിലാണ് മാറ്റം വരുത്തുന്നത്. ഇതോടെ, കെ.എ.എസിൽ വിശേഷാൽ ചട്ടം വിജ്ഞാപനത്തിന് തടസങ്ങൾ നീങ്ങി. ആഗസ്റ്റിൽ തന്നെ കെ.എ.എസിലേക്ക് പി.എസ്.സി വിജ്ഞാപനമുണ്ടായേക്കും. ഈ വർഷം തന്നെ പ്രാഥമികപരീക്ഷ നടത്താനും പി.എസ്.സി നടപടി ആരംഭിച്ചിട്ടുണ്ട്.

ലക്ഷ്യം നേടിയത് നീണ്ട

പ്രതിഷേധങ്ങൾക്കൊടുവിൽ

കേരള ഭരണ സർവീസിൽ സംവരണം നേരിട്ടുള്ള നിയമനം നടത്തുന്ന ഒന്നാമത്തെ സ്ട്രീമിൽ മാത്രം ഏർപ്പെടുത്താനും, തസ്തികമാറ്റം വഴി നിയമനം നടത്തുന്ന രണ്ടും മൂന്നും സ്ട്രീമുകളിൽ നിഷേധിക്കാനുമുള്ള ഇടത് സർക്കാരിന്റെ ആദ്യ തീരുമാനം കടുത്ത പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഇടയാക്കിയിരുന്നു. മൂന്ന് സ്ട്രീമുകളിലും സംവരണം ആവശ്യപ്പെട്ട് ഭരണപക്ഷത്തും പ്രതിപക്ഷത്തും നിന്നടക്കം ജനപ്രതിനിധികളും പിന്നാക്ക-ദളിത് സംഘടനകളും സർക്കാരിന് നിവേദനം നൽകിയിരുന്നു. സമ്മർദ്ദം ശക്തമായതിനെ തുടർന്ന് സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് കെ.എ.എസ് വിശേഷാൽചട്ടങ്ങൾ ഭേദഗതി ചെയ്‌തത്. ബൈ ട്രാൻസ്‌ഫർ റിക്രൂട്ട്മെന്റ് എന്നതിന് പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് രണ്ട്, മൂന്ന് സ്ട്രീമുകളിലും സംവരണം ബാധകമാക്കുന്നത്. ഭേദഗതി ഈ മാസം ഒന്നിന് പി.എസ്.സി അംഗീകരിച്ചിരുന്നു.

സംവരണ വിഭാഗങ്ങൾക്കുള്ള വയസിളവ് അമ്പതിൽ കൂടരുതെന്ന സംസ്ഥാന സർവീസ് ചട്ടം ഇവിടെയും ബാധകമാണ്. ഒന്നാം ഗസറ്റഡ് ഓഫീസർമാർക്കായുള്ള മൂന്നാമത്തെ വിഭാഗത്തിൽ വയസിളവിന് അർഹതയുണ്ടാവില്ല. അമ്പത് വയസാണ് ഈ വിഭാഗത്തിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. മറ്റ് രണ്ട് വിഭാഗങ്ങളിലും വയസിളവ് ലഭിക്കും.

നേരിട്ടുള്ള നിയമനത്തിന് 21- 32 ആണ് പ്രായപരിധി. പട്ടികജാതി - പട്ടികവർഗക്കാർക്ക് 37ഉം മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 35ഉം വയസ് വരെ അപേക്ഷിക്കാം. സംസ്ഥാന സർവീസിൽ ഒന്നാം ഗസറ്റഡ് തസ്തികയ്ക്ക് താഴെയുള്ളവരാണ് രണ്ടാമത്തെ വിഭാഗം. ഇതിന്റെ പ്രായപരിധി 21- 40 ആണ്. ഇതിലേക്ക് പട്ടികജാതി- പട്ടികവർഗക്കാർക്ക് 45ഉം മറ്റ് പിന്നാക്കക്കാർക്ക് 43ഉം വയസ് വരെ അപേക്ഷിക്കാം.

വിമുക്തഭടന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്കും സർവീസ് ചട്ടപ്രകാരം വയസിളവ് ലഭിക്കും.