തിരുവനന്തപുരം: ഒരു മംഗളകാര്യത്തിന് അപ്രതീക്ഷിതമായി പെയ്യുന്ന മഴ തടസമാകാറുണ്ടെങ്കിലും അത് അല്പ സമയത്തേക്കെങ്കിലും നിലയ്ക്കുന്നതിന് വിശ്വാസികൾ ആദ്യം പ്രാർത്ഥിക്കുന്നത് പഴവങ്ങാടി മഹാഗണപതിയെയാണ്. പഴവങ്ങാടി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചാൽ തടസമായി മഴ വരില്ലെന്നാണ് വിശ്വാസം.
പണ്ടു മുതൽ തന്നെ മഴ പെയ്യാതിരിക്കാൻ ഈ വഴിപാട് ഉണ്ടായിരുന്നു. എ.ഡി 1771ലെ മതിലകം രേഖകളിൽ മഹാരാജാവിന്റെ എഴുന്നള്ളത്ത് സമയത്ത് മഴ പെയ്യുന്നത് ഒഴിവാക്കാൻ ക്ഷേത്രത്തിൽ നാളികേരം ഉടയ്ക്കാൻ നിർദ്ദേശം നൽകിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ കരസേന നേരിട്ടു ഭരിക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് പഴവങ്ങാടി മഹാഗണപതി ക്ഷേത്രം.
ഐതിഹ്യം ഇങ്ങനെ
പദ്മനാഭപുരത്തെ കോട്ടയുടെ ഒരു ഭാഗത്ത് കാവൽ നിന്നിരുന്ന പട്ടാളക്കാർ പിറ്റേന്ന് ബോധരഹിതരായി കാണുക പതിവായിരന്നു. യക്ഷിയെ ഭയന്നാണ് ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു വിശ്വാസം. ഒരു ദിവസം ഭക്തനായ സൈനികൻ സമീപത്തെ വള്ളിയൂർ നദിയിൽ മുങ്ങിയപ്പോൾ ആറ് ഇഞ്ച് വലിപ്പമുള്ള ഗണപതി വിഗ്രഹം ലഭിച്ചു. പാറാവ് ഡ്യൂട്ടിക്ക് പോയപ്പോൾ ആ സൈനികൻ വിഗ്രഹവും ഒപ്പം കൊണ്ടുപോയി. അതിനു ശേഷം യക്ഷിയുടെ ശല്യം ഉണ്ടായിട്ടില്ല. തുടർന്ന് പദ്മനാഭപുരം സൈനിക താവളത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ച് സൈനികർ ആരാധിച്ചു പോന്നു. ഒരു യോഗീവര്യൻ പൂജിച്ചിരുന്ന വിഗ്രഹമായിരുന്നു അത്. ക്രമേണ അന്നത്തെ പട്ടാളമായ നായർ ബ്രിഗേഡിന്റെ രക്ഷാദൈവമായി ഗണപതി മാറി.
തിരുവിതാംകൂറിന്റെ തലസ്ഥാനം 1760ൽ പദ്മനാഭപുരത്തു നിന്നു തിരുവനന്തപുരത്തേക്കു മാറ്റിയപ്പോൾ ഈ ഗണപതി വിഗ്രഹവും സൈനികർ ഇങ്ങോട്ടു കൊണ്ടു വന്നു. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിലായിരുന്നു സ്ഥാപിച്ച് ആരാധിച്ചിരുന്നത്. 1765ൽ ധർമ്മരാജാവിന്റെ കാലത്ത് അന്നത്തെ വെടിപ്പുരയായിരുന്ന ഇന്നത്തെ പഴവങ്ങാടിയിൽ പ്രതിഷ്ഠിച്ചു. ആയില്യം തിരുനാളിന്റെ കാലത്ത് ക്ഷേത്രം പുതുക്കിപ്പണിതു. ദുർഗാ ഭഗവതിയെയും വേട്ടയ്ക്കൊരുമകനെയും പ്രതിഷ്ഠിച്ചു. ചുരികയേന്തിയ വേട്ടയ്ക്കൊരു മകന്റെ വിഗ്രഹമാണ് പഴവങ്ങാടിയിലുള്ളത്.
സ്വാതന്ത്ര്യത്തിനു ശേഷം നായർ ബ്രിഗേഡ് ഇന്ത്യൻ സേനയിൽ ലയിച്ചപ്പോൾ ക്ഷേത്രം ഇന്ത്യൻ പട്ടാളത്തിന്റെ (മദ്രാസ് റെജിമെന്റ്) സ്വന്തമായി. ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാൻ നായർ ബ്രിഗേഡ് ഒരു കമ്മിറ്റി രൂപീകരിച്ചു. ഇതാണ് കാലക്രമേണ തിരുവാതിര കമ്മിറ്റിയായി മാറിയത്. 1969ലാണ് ക്ഷേത്രത്തിൽ മണ്ഡപം പണിതത്. 1997ൽ ഗോപുരവും പണിതു.
തമിഴ് ശൈലിയിലുള്ള ഗോപുരമായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ഇപ്പോൾ നിർമ്മിക്കുന്നത് കേരളീയ വാസ്തുശില്പ മാതൃകയിലുള്ളതും.
പുനഃപ്രതിഷ്ഠ ഇന്ന്
അഞ്ചിന് തുടങ്ങിയ പുനരുദ്ധാരണ പൂജകൾക്കു ശേഷം ഇന്നാണ് പുനഃപ്രതിഷ്ഠാ കർമ്മം. രാവിലെ 11നു മേൽ 11.40നകം തന്ത്രി ദേവനാരായണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ മദ്രാസ് റെജിമെന്റ് മേധാവി ലഫ്. ജനറൽ രാജീവ് ചോപ്രയും എത്തും.