july10a

ആ​റ്റിങ്ങൽ: സ്വകാര്യബസിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ കണ്ടക്ടറെ അറസ്റ്റുചെയ്‌തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാർ ആറ്റിങ്ങലിൽ മിന്നൽ പണിമുടക്ക് നടത്തി. സമരം യാത്രക്കാരെ വലച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങളെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും പൊലീസും പരിശോധന ശക്തമാക്കിയിരുന്നു. സ്വകാര്യ ബസ് ജീവനക്കാരോട് പൊലീസും ആർ.ടി.ഒ അധികൃതരും പ്രതികാരത്തോടെയാണ് പെരുമാറുന്നതെന്ന് ആരോപിച്ചായിരുന്നു ജീവനക്കാരുടെ സമരം. ഇതേ തുടർന്ന് ആറ്റിങ്ങലിൽ നിന്നുള്ള ബസ് സർവീസുകൾ മുടങ്ങി. വെഞ്ഞാറമൂട്, ചിറയിൻകീഴ്, കല്ലമ്പലം, വർക്കല, കിളിമാനൂർ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ചെയിൽ സർവീസുകൾ കൂടുതലായി നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി. രാവിലെ 8.30വരെ സർവീസ് നടത്തിയശേഷമാണ് ജീവനക്കാർ പണിമുടക്കിയത്. ജീവനക്കാരെ അകാരണമായി പീഡിപ്പിക്കുന്നെന്നും കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌ത കണ്ടക്ടറെ വിട്ടയയ്‌ക്കണമെന്നും ഇല്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നുമാണ് ജീവനക്കാർ പറയുന്നത്. വിദ്യാർത്ഥികൾക്കെതിരായ ബസ് ജീവനക്കാരുടെ നിലപാടിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി സംഘടനകളും ആറ്റിങ്ങലിൽ പ്രതിഷേധ പ്രകടനം നടത്തി.

'' ബസിൽ കയറാൻ ചെന്നപ്പോൾ കണ്ടക്ടർ റോഡിലേക്ക് പിടിച്ചു തള്ളിയിടുകയായിരുന്നെന്നാണ് അപകടം സംഭവിച്ച കുട്ടിയുടെ മൊഴി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കണ്ടക്ടർക്കെതിരെ കേസെടുത്തത്. കുട്ടി കണ്ടക്ടറെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടി റോഡിൽ തെറിച്ചുവീഴുന്നത് കണ്ടിട്ടും വണ്ടി നിറുത്താതെ പോകാൻ കണ്ടക്ടർ ബല്ലടിക്കുകയായിരുന്നെന്ന് യാത്രക്കാരും മൊഴി നൽകിയിട്ടുണ്ട്.

എം.ജി. ശ്യാം, ആറ്റിങ്ങൽ എസ്.ഐ

'' സ്വകാര്യ ബസിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനായി പ്രത്യേക സ്‌ക്വാഡ് പരിശോധന ആരംഭിച്ചതറിഞ്ഞാണ് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. ബസുകൾ ട്രിപ്പ് മുടക്കുന്നെങ്കിൽ അതുസംബന്ധിച്ച് ആർ.ടി.ഒയ്ക്ക് മുൻകൂട്ടി കത്ത് നൽകണം. ഇത് ചെയ്യാതെയാണ് മിന്നൽ പണിമുടക്ക് നടത്തിയത്. ഇതും നിയമലംഘനമാണ്. സമരത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ബസ് ഓപ്പറേറ്റർമാരുടെ മറുപടി. ജീവനക്കാർ ഇത്തരം നടപടികൾ തുടർന്നാൽ ബസ് ഓപ്പറേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരും.

എസ്.ആർ. ഷാജി,​ ആറ്റിങ്ങൽ ആർ.ടി.ഒ