തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും മാദ്ധ്യമപ്രവർത്തകനുമായ പി. രവിവർമ്മ (62) നിര്യാതനായി. ഇന്നലെ രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പന്തളം രാജകുടുംബാംഗമായ രവിവർമ്മ പൂജപ്പുര ചാടിയറയിലെ 'നീരാഴി'യിലായിരുന്നു താമസം. വെള്ളായണി കാർഷിക സർവകലാശാലയിൽ പ്രൊഫസറായ മനോരമ തമ്പുരാട്ടിയാണ് ഭാര്യ. മൃതദേഹം രാവിലെ പൂജപ്പുരയിലെ വസതിയിൽ പൊതുദർശനത്തിനു വച്ചശേഷം പന്തളത്തെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് അഞ്ചിന് പുത്തൻകോയിക്കൽ വടക്കേമുറി നാലുകെട്ട് കൊട്ടാരവളപ്പിൽ സംസ്കാരം നടന്നു.
പി.ആർ. രാമവർമ്മ രാജയും പന്തളം വലിയ തമ്പുരാട്ടിയായ തന്വംഗി തമ്പുരാട്ടിയുമാണ് രവിവർമ്മയുടെ മാതാപിതാക്കൾ. പി. കേരളവർമ്മ, പി. രാമവർമ്മ രാജ, പി. രാജരാജവർമ്മ, പി. രാഘവവർമ്മ എന്നിവർ സഹോദരങ്ങളാണ്. നിലവിൽ പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റെ വൈസ് പ്രസിഡന്റാണ്. കേരളകൗമുദിയുടെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലായാണ് രവിവർമ്മ മാദ്ധ്യമപ്രവർത്തനം തുടങ്ങിയത്. 1985ൽ പി.ആർ.ഡിയിലെത്തിയ അദ്ദേഹം പി.ആർ. കുറുപ്പ് ഗതാഗതമന്ത്രിയായിരിക്കെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2013ൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. അകലങ്ങളിൽ പൂപ്പടയുടെ ആരവം (കഥാസമാഹാരം), കിമകുർവത സഞ്ജയ, പന്തളം കേരളവർമ്മ എന്നീ കൃതികൾ രചിച്ചു. അന്തരിച്ച ഡി. വിനയചന്ദ്രൻ അടക്കം സാഹിത്യലോകത്തും മാദ്ധ്യമ രംഗത്തും വലിയൊരു സുഹൃദ്‌വലയം അദ്ദേഹത്തിനുണ്ടായിരുന്നു.
തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ജനയുഗം പത്രാധിപർ രാജാജി മാത്യു തോമസ്, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. കേരളകൗമുദിക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ എ.ആർ. രാജീവ്, ഡെപ്യൂട്ടി എഡിറ്റർമാരായ വി.എസ്. രാജേഷ്, എം.എം. സുബൈർ എന്നിവർ അന്തിമോപചാരമർപ്പിച്ചു. രവിവർമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.