kas

തിരുവനന്തപുരം: സംസ്ഥാന ഭരണസർവീസിൽ (കെ.എ.എസ്)‌ നിന്ന് പിന്നാക്ക, പട്ടികവിഭാഗക്കാരെ തഴയാൻ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥർ നടത്തിയ കള്ളക്കളി ആദ്യം പുറത്തുവന്നത് 'കേരളകൗമുദി'യിലെ റിപ്പോർട്ടിലൂടെയാണ്.

നേരിട്ടുള്ള മത്സര പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നതെങ്കിലും സർക്കാർ ജീവനക്കാർക്ക് മാത്രം അപേക്ഷിക്കാവുന്ന രണ്ട് വിഭാഗങ്ങളിൽ തന്ത്രപൂർവം സംവരണം ഒഴിവാക്കുകയായിരുന്നു

സർക്കാർ ജീവനക്കാരിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-2, ഗസറ്റഡ് തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-3 എന്നിവയിലെ 100 തസ്തികകളിലെ നിയമനം തസ്തികമാറ്റത്തിലൂടെ (ബൈട്രാൻസ്ഫർ) ആക്കിയാണ് തട്ടിപ്പിന് ശ്രമിച്ചത്. ഈ തസ്തികകളിൽ പിന്നാക്കവിഭാഗങ്ങൾക്ക് 40%, പട്ടികവിഭാഗങ്ങൾക്ക് 10% വീതം സംവരണം ലഭിക്കേണ്ടതാണ്. പിന്നാക്ക, പട്ടികവിഭാഗക്കാരെ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പറയുന്ന ഇരട്ടസംവരണമെന്ന തൊടുന്യായം നിലനിൽക്കാത്തതും ഭരണഘടനാവിരുദ്ധവുമാണെന്ന് മറ്റുവകുപ്പുകളിലെയും പി.എസ്.സിയിലെയും നിയമനരീതികൾ ചൂണ്ടിക്കാട്ടി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതോടെയാണ് അട്ടിമറിശ്രമം പൊളിഞ്ഞത്. സംസ്ഥാന സർവീസിലുള്ളവർ സിവിൽസർവീസ് പരീക്ഷയെഴുതുമ്പോൾ പൊതുവിഭാഗത്തിൽ പരിഗണിച്ച് സംവരണം നൽകുന്നുണ്ടെന്നും സർക്കാർ ജീവനക്കാർ നെറ്റ് യോഗ്യതനേടി യൂണിവേഴ്സിറ്റികളിൽ അസി. പ്രൊഫസർ തസ്തികയിലെത്തുമ്പോൾ സംവരണം നൽകുന്നുണ്ടെന്നും രേഖകൾസഹിതം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തു. രണ്ട് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് രണ്ടാമത്തെ തസ്തികയിലും പി.എസ്.സി സംവരണാനുകൂല്യം നൽകാറുണ്ട്. സംവരണം നൽകുന്നത് വ്യക്തിക്കല്ലെന്നും സമുദായത്തിനാണെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.

വിജയാനന്ദ് മാറിയപ്പോൾ

സംവരണം അപ്രത്യക്ഷമായി

എസ്.എം. വിജയാനന്ദ് ചീഫ് സെക്രട്ടറിയായിരിക്കെ തയ്യാറാക്കിയ കരടുവിജ്ഞാപനത്തിൽ ആദ്യത്തെ രണ്ടുവിഭാഗങ്ങൾക്ക് സംവരണമുണ്ടായിരുന്നെങ്കിൽ അടുത്ത ചീഫ് സെക്രട്ടറി നളിനിനെറ്റോ തയ്യറാക്കിയ വിജ്ഞാപനത്തിൽ സംവരണം ഓപ്പൺക്വോട്ടയിൽ മാത്രമായി ഒതുക്കുകയായിരുന്നു.

ആദ്യത്തെ വ്യവസ്ഥപ്രകാരം മൂന്നിൽ അരശതമാനം പേർക്കുമാത്രമേ ഭരണസർവീസിൽ സംവരണാനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. മുസ്ലിം, പട്ടികവിഭാഗങ്ങൾ എന്നിവയ്ക്ക് പ്രാതിനിധ്യത്തിൽ വൻകുറവുണ്ടാവുമായിരുന്നു. സംവരണാനുകൂല്യം കൂടാതെ, മെരിറ്റിൽ മുന്നിലെത്തി സർക്കാർ സർവീസിലെത്തിയ പിന്നാക്കവിഭാഗക്കാർക്ക് ഭരണസർവീസിൽ ഒരു ആനുകൂല്യവും കിട്ടുമായിരുന്നില്ല. സംവരണനിഷേധം ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമായതോടെ, സബോർഡിനേറ്റ് സർവീസ് റൂളും (കെ.എസ്.ആൻഡ് എസ്.എസ്.ആർ) കെ.എ.എസ് സ്പെഷ്യൽറൂളും സർക്കാർ ഭേദഗതി ചെയ്യുകയായിരുന്നു. ഇതോടെ, കെ.എ.എസിൽ ആകെയുള്ള 150 തസ്തികകളിലും സംവരണാനുകൂല്യമുണ്ടാകും.