വർക്കല: ഇറിഡിയം കോപ്പർ അടങ്ങിയ വിളക്ക് നൽകാമെന്ന് വ്യാമോഹിപ്പിച്ച് മലപ്പുറം സ്വദേശിയായ ഹോട്ടലുടമയെയും സുഹൃത്തിനെയും വർക്കലയിൽ വിളിച്ചുവരുത്തി ആൾപാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലെ മുഖ്യ പ്രതിയടക്കം രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആറ് പ്രതികളാണുള്ളത്. മറ്റുള്ളവർക്ക് വേണ്ടിയുളള തെരച്ചിൽ പൊലീസ് ഊർജ്ജിതപ്പെടുത്തി.
കൊല്ലം മയ്യനാട് തെക്കുംകര ചേരിയിൽ സെവൻഹെവൻ വീട്ടിൽ നിന്ന് വർക്കല തൊട്ടിപ്പാലം കനാൽപുറമ്പോക്ക് വീട്ടിൽ താമസിക്കുന്ന ജോസഫ് ഫെർണാണ്ടസ് മകൻ പട്ടി റിയാസ് എന്ന മുഹമ്മദ് റിയാസാണ് (36) കേസിലെ മുഖ്യ പ്രതി. ചിലക്കൂർ കനാൽപുറമ്പോക്കിൽ നിസാർ (18) ആണ് മുഖ്യ പ്രതിക്കൊപ്പം അറസ്റ്റിലായിട്ടുളളത്. മലപ്പുറം പൊന്നാനി താലൂക്കിൽ വട്ടകുളം കുറ്റിപ്പാലം ചക്കരപ്പള്ളി വീട്ടിൽ ഷാഹുൽഹമീദ് (59), മലപ്പുറം നടുവട്ടം സ്വദേശി അബ്ദുൽകരിം (38) എന്നിവരെയാണ് മുഖ്യ പ്രതി റിയാസിന്റെ നേതൃത്വത്തിൽ ആറംഗസംഘം ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട് പണം അപഹരിച്ചത്. ട്രെയിനിൽ വച്ചാണ് മലപ്പുറം സ്വദേശി കരിമിനെ മുഖ്യപ്രതി പരിചയപ്പെട്ടത്.
ഇറിഡിയം വിളക്ക് വീട്ടിൽ വച്ചാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും വിളക്ക് നൽകാമെന്നും തെറ്റിദ്ധരിപ്പിച്ച് ഏപ്രിൽ 18 നാണ് മലപ്പുറം സ്വദേശികളെ വർക്കലയിൽ വിളിച്ചു വരുത്തിയത്. ട്രെയിനിലെത്തിയ ഇവരെ ചിലക്കൂർ ആലിയിറക്കത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി ഓട്ടുപാത്രം കാണിച്ച് ഇറിഡിയം കോപ്പർ ഉള്ളതാണെന്ന് പറയുകയും അഡ്വാൻസ് തുക ആവശ്യപ്പെടുകയും ചെയ്തു. ഇറിഡിയത്തിന്റെ ശക്തി അറിയണമെന്നാവശ്യപ്പെട്ട ഷാഹുൽഹമീദിനെയും സുഹൃത്ത് കരിമിനെയും മുഖ്യപ്രതി റിയാസും മറ്റുള്ളവരും ചേർന്ന് കൈയും കാലും കയറുകൊണ്ട് കെട്ടിയിട്ട ശേഷം വായ് മൂടിക്കെട്ടുകയും കഴുത്തിൽ വാൾവച്ചശേഷം ഫോട്ടോ എടുത്ത് വാട്സ്ആപ്പ് മുഖേന ഇരുവരുടെയും മക്കൾക്ക് അയച്ചുകൊടുക്കുകയും അവരോട് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപയും പിടിച്ചുവാങ്ങി. ഇരുവരുടെയും ജീവൻ അപകടത്തിലാണെന്ന് ഭയന്ന് മക്കൾ മുഖ്യപ്രതിയുടെ ഭാര്യാസഹോദരന്റെ പേരിൽ വർക്കല ഫെഡറൽ ബാങ്ക് ശാഖയിലെ അക്കൗണ്ട് വഴി 42000 രൂപയും അയച്ചുകൊടുത്തു. ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ടിരുന്ന മലപ്പുറം സ്വദേശികളെ രാത്രി മോട്ടോർ സൈക്കിളിൽ കയറ്റി പാരിപ്പള്ളിയിൽ ഇറക്കുകയും തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറ്റിവിടുകയും ചെയ്തു. തട്ടിപ്പിനിരയായവർ പിറ്റേദിവസം മലപ്പുറം ചങ്കരക്കുളം പൊലീസ് സ്റ്റേഷനിൽ പാരതി നൽകി. മൂന്ന് മാസം കേസന്വേഷിച്ച ശേഷം സംഭവസ്ഥലം വർക്കലയാണെന്ന് മനസിലാക്കി കേസ് വർക്കലയിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. തുടർന്ന് കേസന്വേഷിച്ച വർക്കല പൊലീസ് മുഖ്യപ്രതി റിയാസിനെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു.
കടയ്ക്കൽ, പള്ളിക്കൽ, ചവറ, ചാവക്കാട്, കൊട്ടിയം, വർക്കല എന്നിവിടങ്ങളിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽപെട്ട യുവതികളെ പലപേരുകളിൽ മുഖ്യപ്രതി റിയാസ് വിവാഹം ചെയ്തിട്ടുളളതായി പൊലീസ് പറയുന്നു. ഇറിഡിയം വിളക്കിന് പത്ത്ലക്ഷം രൂപയാണ് സംഘം മലപ്പുറം സ്വദേശികളോടാവശ്യപ്പെട്ടത്. വെള്ളിമൂങ്ങ, ഇരുതലമൂരി എന്നിവയെ നൽകാമെന്ന പേരിൽ നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ. വിദ്യാധരന്റെ നേതൃത്വത്തിൽ വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒ മുരളീധരൻ, സി.പി.ഒമാരായ സതീശൻ, കിരൺ, ഷമീർ, ജയ് മുരുകൻ എന്നിവരടങ്ങിയ സംഘമാണ് കടയ്ക്കലിൽ നിന്ന് പ്രതികളെ പിടികൂടിയത്.