തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി സാധാരണക്കാർക്ക് ആഘാതമേൽപിച്ചതിനു പിന്നാലെ വെള്ളക്കരം കൂട്ടി ജനങ്ങളെ ശ്വാസംമുട്ടിക്കാനും സർക്കാർ നീക്കം. വൈദ്യുതി ചാർജ് വർദ്ധനവിലൂടെ വാട്ടർ അതോറിട്ടിക്കു മേൽ വരുന്ന അധികബാദ്ധ്യതയുടെ പേരിലാണ് ആ ഭാരം ജനങ്ങൾക്കു മേൽ കെട്ടിവയ്ക്കാനുള്ള നടപടി.

നിലവിൽ വൈദ്യുതി ചാർജ് ഇനത്തിൽ വാട്ടർ അതോറിട്ടി കെ.എസ്.ഇ.ബിക്കു നൽകേണ്ടത് പ്രതിമാസം 23 കോടി രൂപയാണ്. വൈദ്യുതി നിരക്ക് കൂടിയതോടെ ഇതിൽ അഞ്ചു കോടിയുടെ വർദ്ധനവുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. അതായത്, പ്രതിവർഷം 60 കോടിയുടെ അധിക ബാധ്യത. ഇപ്പോൾത്തന്നെ വാട്ടർ അതോറിട്ടിയുടെ വാർഷിക നഷ്ടം 325 കോടിയാണ്. വരവ് 925 കോടിയും ചെലവ് 1250 കോടിയും. 60 കോടിയുടെ ആധികച്ചെലവ് കൂടി വഹിക്കേണ്ടിവരുന്നതോടെ അതോറിട്ടിയുടെ കാര്യം കഷ്ടത്തിലാകുമെന്ന ന്യായം പറഞ്ഞാണ് വെള്ളക്കരം കൂട്ടാനുള്ള ആലോചന. രണ്ടു ലക്ഷം പൊതു ടാപ്പുകൾ വഴി ജലവിതരണത്തിനുള്ള ചെലവും വലുതാണ്.

നേരത്തേ വെള്ളക്കരം കൂട്ടിയത് 2014 ലാണ്. പ്രതിമാസം 15 കിലോലിറ്റർവരെ വെള്ളം ഉപയോഗിക്കുന്നവർക്ക് കിലോലിറ്ററിന് നാലു രൂപയിൽ നിന്ന് ആറ് രൂപയായിട്ടായിരുന്നു അന്നത്തെ വർദ്ധന. അതിൽക്കുറവ് വെള്ളം ഉപയോഗിക്കുന്ന ബി.പി.എല്ലുകാക്ക് ചാർജില്ല. ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും നിരക്ക് വർദ്ധിപ്പിക്കണമെന്ന് ഒരു വർഷം മുമ്പ് വാട്ടർ അതോറിട്ടി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രളയവും ലോക്‌സഭാ തിരഞ്ഞെടുപ്പും കാരണം ഈ നിർദ്ദേശം സർക്കാർ മാറ്റിവയ്ക്കുകയായിരുന്നു. ആ നിർദ്ദേശമാണ് ഇപ്പോൾ വാട്ടർ അതോറിട്ടി വീണ്ടും സർക്കാരിനു മുന്നിൽ വച്ചിരിക്കുന്നത്.

ഗാർഹിക - ഗാർഹകേതര വിഭാഗങ്ങളിലായി 25 ലക്ഷം ഉപഭോക്താക്കളാണ് വാട്ടർ അതോറിട്ടിക്ക്. 7500 സ്ഥിരജീവനക്കാരും ദിവസവേതനക്കാരായ അത്രതന്നെ ജീവനക്കാരുമുണ്ട്. സ്ഥിരം ജീവനക്കാരുടെ ശമ്പളത്തിനു മാത്രം മാസം 32 കോടി വേണം. പദ്ധതിയിതര ചെലവുകൾക്കായി സർക്കാർ ബഡ്‌ജറ്റിൽ വകയിരുത്തിയ തുകയിൽ നിന്ന് മാസം നൽകുന്ന 26 കോടി കൂടി ഉപയോഗിച്ചാണ് ഇപ്പോൾ ശമ്പളം നൽകുന്നത്.

നിരക്ക് വർദ്ധന വേണമെന്ന് വാട്ടർ അതോറിട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ തലത്തിൽ ചർച്ചകൾ നടന്നിട്ടില്ല. എന്നാൽ,​ നിലവിലെ അവസ്ഥയിൽ മുന്നോട്ടു പോകാനാകില്ല -

കെ. കൃഷ്ണൻകുട്ടി

ജലവിഭവ മന്ത്രി