തിരുവനന്തപുരം: അനധികൃത യാത്രാബത്ത എഴുതി വാങ്ങിയതിന് സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നിർവാഹകസമിതി അംഗവും സ്റ്റോർ പർച്ചേസ് വകുപ്പ് സെക്‌ഷൻ ഓഫീസറുമായ ജി.വി. പ്രമോദിനെ പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ലക്ഷദ്വീപിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള ഓഫീസറായി പോയ അതേ ദിവസങ്ങളിൽ കൊല്ലം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്ഥാപനങ്ങളിൽ ഇൻസ്പെക്‌ഷൻ നടത്താൻ പോയതായി വ്യാജ ഉത്തരവുണ്ടാക്കി യാത്രാബത്ത ഇനത്തിൽ 24,783 രൂപ പൊതുഭരണ വകുപ്പ് അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സെക്രട്ടേറിയറ്റിലെ കഴിഞ്ഞ രണ്ട് വർഷത്തെ എല്ലാ യാത്രാബില്ലുകളും പരിശോധിക്കാനും പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷികസമ്മേളനം ഈ മാസം 17 മുതൽ 19 വരെ നടക്കാനിരിക്കെ, സംഘടനയുടെ പ്രമുഖ നേതാവ് ഉണ്ടാക്കി വച്ച നാണക്കേട് നേതൃത്വത്തിന് ക്ഷീണമായി. മുഖ്യമന്ത്രിയാണ് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനുമാണ് പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ.
അനധികൃത യാത്രാബത്ത കൈപ്പറ്റൽ ഏർപ്പാട് സെക്രട്ടേറിയറ്റിൽ സ്ഥിരം സംഭവമാണെന്ന് ജീവനക്കാർക്കിടയിൽ പരക്കെ സംസാരമുണ്ട്. സംഘടനാ നേതാക്കൾ ഒന്നടങ്കം ടൂർ സീറ്റുകളായ പി ആൻഡ് എ.ആർ.ഡി, സ്റ്റോർ പർച്ചേസ്, ധനകാര്യ ഇൻസ്പെക്‌ഷൻ വിംഗ് എന്നിവിടങ്ങളിലിരിക്കുകയും നിരന്തരം മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക യാത്രയ്ക്കുള്ള ഉത്തരവിറക്കിയ ശേഷം യാത്ര നടത്താതെ ബത്ത വാങ്ങുകയുമാണെന്നാണ് ആക്ഷേപം. ലക്ഷക്കണക്കിന് രൂപ ഈ രീതിയിൽ സർക്കാരിൽ നിന്ന് ചോരുന്നു. സെക്രട്ടേറിയറ്റിലെ ജോലിഭാരവും ഇത്തരത്തിലുള്ള ക്രമക്കേടുകളും പരിശോധിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഒരു സമിതിയെ വച്ചെങ്കിലും സംഘടനാ നേതൃത്വത്തിന്റെ ഇടപെടൽ കാരണം പി ആൻഡ് എ.ആർ.ഡി ജീവനക്കാർ അതിനോട് സഹകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചിംഗിനെ ശമ്പളവുമായി ബന്ധിപ്പിക്കുന്ന പരിഷ്കാരങ്ങളടക്കം ഇത്തരത്തിൽ അട്ടിമറിക്കപ്പെടുകയാണ്.