2

വിഴിഞ്ഞം: മനുഷ്യവിസർജ്ജ്യം കെട്ടിക്കിടന്ന് ദുർഗന്ധം പരത്തുന്ന ഒറ്റമുറിയിൽ പൂർണ നഗ്നയായി ഒരു വൃദ്ധ. വല്ലപ്പോഴും കിട്ടുന്ന ഭക്ഷണമാണ് ജീവൻ നിലനിറുത്തുന്നത്. തലമുടി ജഡകെട്ടി പേനരിച്ച നിലയിൽ. മിണ്ടാനാവതില്ല. എഴുന്നേറ്റ് നിൽക്കാൻ പോലും ശേഷിയില്ല. മലമൂത്രവിസർജ്ജനം ചെയ്യുന്നിടത്ത് തന്നെയാണ് കിടപ്പും ഇരിപ്പും ഉറക്കവുമെല്ലാം. എട്ടുവർഷമായി തുടരുന്ന 'നരകജീവിത'ത്തിനൊടുവിൽ 72 കാരി ജഗദമ്മയ്ക്ക് മോചനമൊരുക്കിയത് കോവളം ജനമൈത്രി പൊലീസ്. ഉറ്റബന്ധുക്കളുടെ ക്രൂരതയുടെ ഇരയാണ് ജഗദമ്മ.

വൃത്തിഹീനമായ ഒറ്റമുറിക്കുള്ളിൽ വിവസ്ത്രയായി കഴിയുന്ന കോവളം വയ്ക്കോൽ കുളം നടുക്കല്ല് വീട്ടിൽ ജഗദമ്മയെ കോവളം ജനമൈത്രി പൊലീസിന്റെ ഭവന സന്ദർശനത്തിനിടെയാണ് കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയ ഇവർക്ക് മക്കളില്ല.

അനുജത്തിക്കൊപ്പമായിരുന്നു താമസം. എന്നാൽ എട്ടുവർഷം മുമ്പ് സ്വന്തം വീട് വാടകയ്ക്ക് നൽകിയ അനുജത്തി ജഗദമ്മയെ വീടിനുള്ളിലെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇന്നലെ രാവിലെ ഭവനസന്ദർശനത്തിനെത്തിയ കോവളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് വൃദ്ധയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരം കോവളം എസ്.ഐ രതീഷ് കുമാറിനെ അറിയിച്ചു. എസ്.ഐ സ്ഥലത്തെത്തി അനുജത്തിയെയും മറ്റു ബന്ധുക്കളെയും വിളിച്ചു വരുത്തി മുറി തുറപ്പിക്കുകയും അവശനിലയിൽ വൃദ്ധയെ കണ്ടെത്തുകയുമായിരുന്നു. വൃദ്ധയ്ക്ക് ആഹാരമോ വസ്ത്രമോ ബന്ധുക്കൾ നൽകിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് ജഗദമ്മയെ പുറത്തിറക്കി കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചു. സംഭവത്തിൽ കേസെടുക്കുമെന്നും ബന്ധുക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്.ഐ മുന്നറിയിപ്പ് നൽകി. ഇതോടെ വൃദ്ധയുടെ ബന്ധുക്കളെത്തി പൊലീസ് വാഹനത്തിൽ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവളം സ്റ്റേഷനിലെ എ.എസ്.ഐ അശോകൻ, എസ്.സി.പി.ഒ ഷിബുനാഥ് എന്നിവർ ജനമൈത്രി പൊലീസിന് വേണ്ടി നടത്തിയ വിവരശേഖരണത്തിനിടെയാണ് ഇവരെ കണ്ടെത്തിയത്. എസ്.ഐ രതീഷ് കുമാർ, വനിതാ സി.പി.ഒ പ്രീതാലക്ഷ്‌മി, സി.പി.ഒ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്.