തിരുവനന്തപുരം: കന്നുകാലികൾക്ക് ഭക്ഷണവും പരിചരണവും നൽകാതെ പീഡിപ്പിച്ചതിന് സ്വകാര്യ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പദ്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള ഗോശാല സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നുകാലികളെ ഏറ്റെടുത്ത് സർക്കാർ ഫാമുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന കാര്യം പരിഗണിക്കും. കന്നുകാലികൾക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കാൻ അടിയന്തരമായി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഫാമിൽ നിന്ന് തീറ്റപ്പുല്ലും കേരള ഫീഡ്സിൽ നിന്ന് 15 ചാക്ക് കാലിത്തീറ്റയും എത്തിക്കും. പശുക്കളുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഒരു സംഘം ഡോക്ടർമാരെ പരിശോധനയ്ക്കായി അയയ്ക്കും. ഭക്ഷണവും സുരക്ഷയും നൽകാത്ത സാഹചര്യത്തെക്കുറിച്ച് ട്രസ്റ്റ് അധികൃതരോട് വിശദീകരണം ചോദിക്കാനും അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ, പൈതൃക സംരക്ഷണ സമിതി സെക്രട്ടറി അഡ്വ. ആർ.എസ്. വിജയ് മോഹൻ, ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസർ രതീശൻ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കുതിരമാളികയ്ക്ക് സമീപത്താണ് സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാല. ക്ഷേത്രത്തിലേക്ക് പാല് നൽകാനാണ് ഗോശാല പ്രവർത്തനം തുടങ്ങിയത്. 19 പശുക്കളും 17 കിടാങ്ങളുമാണ് ഇവിടെയുള്ളത്. ഇവയെ പരിചരിക്കാൻ ആളില്ല. മേൽക്കൂര പോലുമില്ലാത്ത ഗോശാലയിലാണ് ഇപ്പോൾ ഇവയുടെ വാസം. മുമ്പ് 15 ലിറ്റർ പാല് കിട്ടിയിരുന്നിടത്ത് ഇപ്പോൾ നാല് ലിറ്റർ മാത്രമാണ് ലഭിക്കുന്നതെന്നാണ് ഗോശാല നടത്തിപ്പുകാർ തന്നെ പറയുന്നത്. കഴിഞ്ഞ ദിവസം ഇവിടെ പശുക്കിടാവിനെ പട്ടി കടിച്ചു കൊന്നതോടെയാണ് മൃഗങ്ങളുടെ ദുരിതം പുറത്തറിഞ്ഞത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഗോശാല സന്ദർശിച്ചിരുന്നു.