മലയിൻകീഴ്: ജലസമൃദ്ധി പദ്ധതിയിൽ കൊല്ലകോണം തോട് പുനരുജ്ജീവിപ്പിക്കുന്നതിന് മുന്നോടിയായി നീർത്തട സംരക്ഷണ യാത്ര സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ഒരു പഞ്ചായത്തിൽ ഒരു തോട് എന്ന ആശയത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് യാത്ര നടത്തിയത്. വിളപ്പിൽ പഞ്ചായത്തിലെ ചെറുകോട് വാർഡിലുൾപ്പെട്ട ചെക്കിട്ടപ്പാറയിൽ നിന്നാരംഭിച്ച് പള്ളിച്ചപ്പാറ, കുണ്ടാമൂഴി, ചെറുതേരി, അണമുഖം, കൊല്ലകോണം വീട്ടിയം വഴി 8 കിലോമീറ്റർ ദൂരം പിന്നിട്ട നീർത്തട സംരക്ഷണ യാത്ര ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ 2 കോടി രൂപയുടെ സമഗ്ര കർമ്മപദ്ധതി തയ്യാറായിട്ടുണ്ടെന്നും തോട്ടിൽ അനുയോജ്യമായ 5 സ്ഥലങ്ങളിൽ അണകെട്ടി ജലസംഭരണം നടത്തി ഭൂജല പോഷണം നടത്താനുള്ള പഠനം ഭൂജല വകുപ്പിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്നതായും ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.രമാകുമാരി, വാർഡ് അംഗങ്ങൾ, ഡോ.എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, ഹരിത കേരളം മിഷനിലെ എബ്രഹാം കോശി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ റോയ് മാത്യു, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ ബിന്ദു, ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ഉദയകുമാർ, കെ.എൽ.ഡി.സി എം.ഡി ജി.എസ്. രാജീവ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കടുവക്കുഴി - കല്ലുവരമ്പ്, കുളത്തുമ്മൽ തോടുകളിൽ സമാനമായി നീർത്തട യാത്ര സംഘടിപ്പിച്ചിരുന്നു.