തിരുവനന്തപുരം: സംസ്ഥാനത്തെ അളവുതൂക്ക ഓഫീസുകളിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. സർക്കാർ അഗതി മന്ദിരങ്ങളിലും ആദ്യമായി മിന്നൽ പരിശോധന നടന്നു. തിരുവനന്തപുരം കൈമനത്തെ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ ഓഫീസിൽ ഇടനിലക്കാരായ ഏജന്റുമാർ വ്യാജ ഒപ്പിട്ട് കക്ഷികൾക്കായി സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതായി കണ്ടെത്തി. മലപ്പുറം പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ ഓഫീസിൽ അളവ് തൂക്ക ഉപകരണങ്ങൾ പരിശോധിക്കാതെ മുദ്ര വയ്‌ക്കുന്നതായും ആട്ടോറിക്ഷ മീറ്ററുകൾക്ക് സമയബന്ധിതമായി സീൽ സർട്ടിഫിക്കറ്റുകൾ നൽകുന്നില്ലെന്നും കണ്ടെത്തി.
കോഴിക്കോട്ടെ ലീഗൽ മെട്രോളജി സീനിയർ ഇൻസ്‌പെക്‌ടർ ഓഫീസിൽ ഏജൻസികളുടെ സഹായത്തോടെ ആട്ടോറിക്ഷാ മീറ്ററുകളും അളവ് തൂക്ക ഉപകരണങ്ങളും പരിശോധിക്കുകയായിരുന്നു. കണ്ണൂരിലെ ഓഫീസിൽ വേയിംഗ് മെഷീൻ ഹാജരാക്കാതെ സീൽ സർട്ടിഫിക്കറ്റ് നൽകുന്നതായും കണ്ടെത്തി. വിജിലൻസ് പരിശോധനയ്‌ക്കെത്തിയ ശേഷം രാവിലെ 11നാണ് പാലാ ലീഗൽ മെട്രോളജി ഓഫീസ് തുറന്നത്. അലമാരയുടെ താക്കോൽ കൈവശമുണ്ടായിരുന്ന ഇൻസ്‌പെക്‌ടിംഗ് അസിസ്റ്റന്റിനെ വരുത്തിയ ശേഷം ഉച്ചയ്ക്ക് രണ്ടിനാണ് പരിശോധിക്കാനായത്.
വയനാട്ടിൽ 2017 മുതലുള്ള അപേക്ഷകൾ കെട്ടിക്കിടന്നിരുന്നു. മീനങ്ങാടിയിൽ പാർട്ട് ടൈം സ്വീപ്പർ മാത്രമാണ് ഓഫീസിലെത്തിയത്. കാസർകോട്ടെ ഓഫീസിൽ 2018ന് ശേഷമുള്ള പരാതികളിൽ നടപടി സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ട ഓഫീസിൽ ലീഗൽ മെട്രോളജി ഓഫീസറുടെ സാന്നിദ്ധ്യത്തിലല്ലാതെ ആട്ടോറിക്ഷാ മീറ്റർ ടെസ്റ്റ് നടന്നിരുന്നതായും കണ്ടെത്തി. അടൂർ ഓഫീസിൽ പല രേഖകളും സൂക്ഷിച്ചിരുന്നില്ല.
സർക്കാരിന്റെ മഹിളാ മന്ദിരങ്ങൾ, ആശാഭവൻ, സ്‌പെഷ്യൽ ഹോം, പ്രതീക്ഷാ ഭവൻ എന്നിവിടങ്ങളിലെ പരിശോധനയിൽ പലയിടത്തും കാഷ് ബുക്ക് പരിപാലിക്കുന്നില്ലെന്ന് കണ്ടെത്തി. വൗച്ചറില്ലാതെയും മറ്റുമാണ് പണം ചെലവഴിച്ചിരുന്നത്. തൊടുപുഴ വൃദ്ധസദനത്തിൽ മരിച്ചയാളുടെ വസ്തുക്കൾ നാല് വർഷമായിട്ടും ബന്ധുക്കൾക്ക് കൈമാറിയില്ല. പത്തനംതിട്ട വയലത്തല ബാലസദനത്തിൽ പഴകിയ ഭക്ഷണമായിരുന്നു നൽകിയിരുന്നത്. പലേടത്തും സ്വകാര്യ വ്യക്തികൾ നൽകിയ പണം രേഖയിലുണ്ടായിരുന്നില്ല.
വിജിലൻസ് ഡയറക്ടർ അനിൽകാന്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഐ.ജി എച്ച്. വെങ്കടേഷ്, എസ്.പി ഇ.എസ്. ബിജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.