obitury

നെടുമങ്ങാട്: ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ്‌ മരിച്ചു. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവർ മൂഴി കുളപ്പള്ളി കിഴക്കുംകരവീട്ടിൽ കെ. ജയരാജ് (55) ആണ് മരിച്ചത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ബസ് റോഡിന്റെ അരികിൽ ഒതുക്കിനിറുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ജയരാജിന്റെ ഇളയ മകൾ ഉൾപ്പെടെ നാല്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.

കല്ലറ പരപ്പിൽ രാത്രി സ്റ്റേ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 4.50 ന് നെടുമങ്ങാട്ടേക്ക് പുറപ്പെട്ട ബസ്, മൂഴി കൊല്ലയിൽ ജംഗ്‌ഷനിൽ എത്തിയപ്പോഴാണ് ജയരാജിന്‌ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ വേഗത കുറച്ച് ബസ് ഒതുക്കി നിറുത്തിയപ്പോഴേക്കും സീറ്റിൽ കുഴഞ്ഞുവീണു. ഡ്യൂട്ടിക്ക് പോകാൻ ബസിൽ കയറിയ മൂഴി സ്വദേശി ടി.ജി. ശിവകുമാർ യാത്രക്കാരുടെ സീറ്റിലേക്ക് ജയരാജിനെ മാറ്റിയ ശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്‌ ബസ് പായിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലങ്കാവ് എത്തിയപ്പോഴേക്കും മരിച്ചു.

പി.എസ്.സി വഴി നിയമിതനായ ജയരാജ് 11 വർഷമായി നെടുമങ്ങാട് ഡിപ്പോയിൽ സേവനമനുഷ്ഠിക്കുകയാണ്. അതിനുമുമ്പ് എംപ്ലോയ്‌മെന്റ് മുഖേനയും 10 വർഷം ഇവിടെ ജോലി നോക്കിയിട്ടുണ്ട്. വട്ടിയൂർക്കാവ് സ്വദേശിയാണ്. മരണാനന്തര ചെലവിലേക്കായി 10,000 രൂപ നെടുമങ്ങാട് ഡി.ടി.ഒ ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ജയരഞ്ജിനി, ജയരാഗിണി. മരുമകൻ: ഉണ്ണി. മൃതദേഹം വൈകിട്ട് വിലാപയാത്രയായി ഭാര്യാഗൃഹമായ മൂഴിയിൽ എത്തിച്ച് സംസ്കരിച്ചു. സഞ്ചയനം ഞായറാഴ്ച വൈകിട്ട് മൂന്നിന്.

ഗതാഗത മന്ത്രിക്കു വേണ്ടി സോണൽ ഓഫീസർ ജി. അനിൽകുമാർ, കോർപറേഷൻ എം.ഡിക്ക് വേണ്ടി ഡി.ടി.ഒ കെ.കെ. സുരേഷ്, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി പി.എസ്. സുമ, ജില്ലാ കൺവീനർ ശ്രീജ, യൂണിയൻ നേതാക്കളായ ഇ. സുരേഷ്, ആർ.വി. ഷൈജുമോൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

യാത്രയ്ക്കിടെ പിതാവിന്റെ മരണം

ജയരാജ് ‌കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുമ്പുള്ള ബസ്‌ സ്റ്റോപ്പിൽനിന്നാണ് ‌ മകൾ ജയരാഗിണി ബസിൽ കയറിയത്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ജയരാഗിണി ജോലിക്ക് പോകാനായാണ് ബസിൽ കയറിയത്. ആഴ്ചയിൽ രണ്ടു ദിവസമാണ് ഈ ബസിൽ പോകാറുള്ളത്. വിരമിക്കാൻ ഒമ്പത് മാസം ബാക്കി നില്ക്കുമ്പോഴാണ് ജയരാജ് ‌വിടപറഞ്ഞത്.