ബർമ്മിംഗ്ഹാം : ആറാംവട്ടവും കപ്പ് സഞ്ചിയിലൊതുക്കാനുള്ള കംഗാരുക്കളുടെ ചാട്ടത്തിന് സെമിയിൽ കടിഞ്ഞാണിടാൻ ഇംഗ്ളണ്ടിനാകുമോ? 27 വർഷത്തിന് ശേഷം സെമിയിലെത്തുന്ന ഇത്തവണത്തെ ആതിഥേയർക്ക് ചരിത്രത്തിലാദ്യമായി ലോകകപ്പിൽ ചുംബിക്കാനുള്ള അവസരമൊരുക്കുമോ? പ്രതീക്ഷകളും സമ്മർദ്ദവും മുറ്റിനിൽക്കുന്ന അന്തരീക്ഷത്തിലാണ് ഇന്ന് ഇംഗ്ളണ്ടും ആസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പിന്റെ രണ്ടാംസെമിഫൈനൽ മത്സരം.
റൗണ്ട് റോബിൻ ലീഗിലെ ഒൻപത് മത്സരങ്ങളിൽ ഏഴും ജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനക്കാരായാണ് ആസ്ട്രേലിയ സെമിഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ഇംഗ്ളണ്ടിന് ആറ് മത്സരങ്ങളിലേ ജയിക്കാൻ കഴിഞ്ഞുള്ളൂ. മൂന്ന് കളികളിൽ തോൽക്കേണ്ടിവന്നു. ആസ്ട്രേലിയ ഇതുവരെ രണ്ട് മത്സരങ്ങളിൽ മാത്രമേ തോറ്റിട്ടുള്ളൂ. ഇരുവരും തമ്മിലുള്ള പോരാട്ടത്തിൽ വിജയം ഒാസീസിനായിരുന്നു. ഇംഗ്ളണ്ട്, ആസ്ട്രേലിയ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവരോടാണ് തോറ്റത്. ആസ്ട്രേലിയ തോറ്റത് ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും മാത്രം. അവസാന മത്സരത്തിലായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവി. ഇതോടെയാണ് സെമിയിൽ ഒാസീസിന് എതിരാളികളായി ഇംഗ്ളണ്ടിനെ കിട്ടിയത്.
സെമിയിൽ ആതിഥേയരെ നേരിടാനിറങ്ങുമ്പോൾ ആസ്ട്രേലിയയ്ക്ക് ഉസ്മാൻ ഖ്വാജയുടെ സേവനം നഷ്ടമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഖ്വാജയ്ക്ക് പകരം മാത്യുവേഡ് ടീമിലെത്തിയിട്ടുണ്ട്.
1993 ലാണ് ബർമിംഗ്ഹാമിൽ ആസ്ട്രേലിയൻ ടീം അവസാനമായി ഒരു ഏകദിന വിജയം നേടിയത്.
2001ന് ശേഷം ഒരു ഫോർമാറ്റിലും ആസ്ട്രേലിയയ്ക്ക് ബർമിംഗ് ഹാമിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല.
2015 ന് ശേഷം എഡ്ജ് ബാസ്റ്റണിൽ ഒരു മത്സരത്തിൽ പോലും തോൽക്കാത്ത ടീമാണ് ഇംഗ്ളണ്ട്.
കരുത്തും ദൗർബല്യവും
ഇംഗ്ളണ്ട്
1. സ്വന്തം മണ്ണിൽ കളിക്കുന്നു എന്നതാണ് ഇംഗ്ളണ്ടിന്റെ ഏറ്റവും വലിയ കരുത്ത്.
2. മികച്ച ബാറ്റ്സ്മാൻമാർ ഇംഗ്ളീഷ് നിരയിലുണ്ട്. ഒാപ്പണർമാരായ ജാസൺ റോയ്യും ജോണി ബെയർ സ്റ്റോയും മികച്ച ഫോമിലാണ്.
3. ഏത് സാഹചര്യത്തിലും രക്ഷകരായി മാറാൻ ക്യാപ്ടൻ ഇയാൻ മോർഗൻ, ജോറൂട്ട്, ബെൻ സ്റ്റോക്സ്, ബട്ട്ലർ എന്നിവരുണ്ട്.
4. ജൊഫ്രെ ആർച്ചർ, ലിയാം പ്ളങ്കറ്റ്, വോക്സ് എന്നിവർ ബൗളിംഗിലും മികവ് കാട്ടുന്നു.
5. ടീമെന്ന നിലയിൽ അവസാന നിമിഷം വരെ പൊരുതാനുള്ള സമീപനമാണ് ഇംഗ്ളണ്ട് നിരയിൽ കുറവുള്ളത്.
ആസ്ട്രേലിയ
1. പേസർമാർ ഗംഭീര ഫോമിലേക്ക് ഉയർന്നിരിക്കുന്നത് ആസ്ട്രേലിയയുടെ ആത്മവിശ്വാസം ഉയർത്തുന്നു. മിച്ചൽ സ്റ്റാർക്ക്, ബ്രെൻഡോർഫ്, കമ്മൻസ് എന്നിങ്ങനെ എണ്ണംപറഞ്ഞ പേസർമാരാണ് ഒാസീസ് നിരയിലുള്ളത്.
2. ഡേവിഡ് വാർണറും നായകൻ ആരോൺ ഫിഞ്ചും ചേർന്ന ഒാപ്പണിംഗ് ഏത് ബൗളർമാരെയും നിർവീര്യമാക്കാൻ പോന്നത്.
3. സ്മിത്ത്, സ്റ്റോയ്നിസ്, കാരേയ്, മാക്സ്വെൽ എന്നിവരടങ്ങിയ മദ്ധ്യനിരയും സുദൃഡം.
4. ഖ്വാജയുടെ പരിക്കാണ് കംഗാരുക്കളെ അലട്ടുന്നത്. പകരമെത്തുന്ന മാത്യുവേഡിനെ ഇന്ന് കളിപ്പിക്കുന്ന കാര്യം ഉറപ്പില്ല. ഒരുപക്ഷേ പീറ്റർ ഹാൻഡ്സ് കോംബിന് അവസരം നൽകിയേക്കും.
5. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ തോറ്റത് ഒാസീസിന്റെ ബാറ്റിംഗ് ദൗർബല്യങ്ങളെ തുറന്നുകാട്ടിയിരുന്നു.
'ഞങ്ങൾ പഴയ ഇംഗ്ളണ്ടല്ല. മികച്ച പ്രകടനം കാഴ്ചവച്ചാൽ ആരെയും തോൽപ്പിക്കാൻ കഴിയുന്നവരാണ്."
ലിയാം പ്ളങ്കറ്റ്
ഇംഗ്ളീഷ് പേസർ
ടീമുകൾ ഇവരിൽനിന്ന്
ഇംഗ്ളണ്ട് : ഇയോൻ മോർഗൻ (ക്യാപ്ടൻ), മൊയീൻ അലി, ജൊഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ, ജോസ് ബട്ട്ലർ, ടോം കറാൻ, ലിയാം ഡാ സൺ, ലിയാം പ്ളങ്കറ്റ്, അഭിൻ റഷീദ്, ജോ റൂട്ട്, ജാസൺ റോയ്, ബെൻസ്റ്റോക്സ് , ജെയിംസ് വിൻസ്, ക്രിസ് വോക്സ്, മാർക്ക് വുഡ്.
ആസ്ട്രേലിയ : ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, ഷോൺ മാർഷ്, ഗ്ളെൻ മാക്സ് വെൽ, സ്റ്റീവൻസ്മിത്ത്, ബ്രെൻഡോർഫ്, അലക്സ് കാരേയ്, കൗട്ടർ നെയ്ൽ. കമ്മിൻസ്, നഥാൻ ലിയോൺ, കേൻ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്,
സ്റ്റോയ്നിസ്, സാംപ്
ടി.വി. ലൈവ്
ഇംഗ്ളണ്ട് Vs ആസ്ട്രേലിയ
വൈകിട്ട് 3 മുതൽ
സ്റ്റാർ സ്പോർട്സിൽ
നേർക്ക് നേർ ചിത്രം
ഇംഗ്ളണ്ടും ആസ്ട്രേലിയയും തമ്മിൽ
പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ
ജയിച്ചത് ആസ്ട്രേലിയ
ലോഡ്സിൽ ജൂൺ 25ന് 64 റൺസിനായിരുന്നു കംഗാരുക്കളുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 285/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇംഗ്ളണ്ട് 44.4 ഒാവറിൽ 221 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു.
ആരോൺ ഫിഞ്ചിന്റെ (100) സെഞ്ച്വറിയും ഡേവിഡ് വാർണറുടെ (53) അർദ്ധ സെഞ്ച്വറിയുമാണ് ആസ്ട്രേലിയയ്ക്ക് മാന്യമായ സ്കോർ നൽകിയത്.
ഒാപ്പണിംഗിൽ 23 ഒാവറിൽ 123 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഒാസീസിനെ 300 കടക്കാതെ നിയന്ത്രിച്ചുനിറുത്താൻ ഇംഗ്ളീഷ് ബൗളർമാർക്ക് കഴിഞ്ഞിരുന്നു.
മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടുകാരെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ബ്രെൻഡോർഫും നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ചേർന്നാണ് തകർത്തത്.
റൺസെടുക്കുന്നതിന് മുൻപ് ആദ്യവിക്കറ്റ് നഷ്ടമായ ഇംഗ്ളണ്ട് 53 റൺസിലെത്തിയപ്പോൾ
53 റൺസ് നഷ്ടമായിരുന്നു.
തുടർന്ന് ബെൻ സ്റ്റോക്സ് (89), ബട്ട്ലർ (25), വോക്സ് (26), ആദിൽ റഷീദ് (25) എന്നിവർ നടത്തിയ പോരാട്ടമാണ് 200 കടത്തിയത്.