കുഴിത്തുറ : മണിക്കൂറുകളോളം ജലത്തിൽ പൊങ്ങിക്കിടന്ന് ലോക റെക്കാഡ് സ്വന്തമാക്കാനായി 7 വയസുകാരന്റെ ജലശയന യോഗാപ്രകടനം. കന്യാകുമാരി ജില്ലയിലെ വാവറ എസ്.ടി.മങ്കാട് സ്വദേശി സതീഷ് കുമാർ- പ്രിയജ ദമ്പതികളുടെ മകൻ എസ്.പി. പ്രതീഷാണ് (7) ജലശയന യോഗ നടത്തിയത്. ഇന്നലെ വൈകിട്ട് മൂന്നിന് പുതുകുളത്തിൽ ആരംഭിച്ച പ്രകടനം 5.06നാണ് അവസാനിച്ചത്. പ്രതീഷ് കൊറ്റാമം ഫാത്തിമ പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
വേൾഡ് റെക്കാഡ് യൂണിവേഴ്സിറ്റിയിലെ റെക്കാഡിന് വേണ്ടിയായിരുന്നു ജലശയനം. വേൾഡ് റെക്കാഡ് ഹോൾഡർ മാസ്റ്റർ ഡോ.എം. ജസ്റ്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകടനം.
പ്രതീഷിന്റെ അച്ഛൻ പട്ടാളക്കാരനായ സതീഷ് കുമാറായിരുന്നു പരിശീലകൻ. ആറുമാസമായിരുന്നു പരിശീലനം.
ജലശയന പ്രകടനത്തിനിടെ പ്രതീഷ് കുളത്തിൽ വച്ച് തന്നെ ബിസ്‌കറ്റും വെള്ളവും കുടിച്ചത് ജനങ്ങളെ വിസ്മയിപ്പിച്ചു.
പ്രകടനം കാണാൻ നൂറുകണക്കിന് ആളുകൾ പുതുകുളത്തിൽ തടിച്ചുകൂടി. സുരക്ഷയ്ക്കായി പൊലീസും ഉണ്ടായിരുന്നു.