home

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി എ.കെ. ബാലൻ. ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിലെ പട്ടികജാതി കുടുംബങ്ങൾക്കായി ഒരുക്കുന്ന 'ലൈഫ്" ഭവനസമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയും കിടപ്പാടവും ഇല്ലാതെ, ഉറ്റവരുടെ മൃതദേഹം പോലും അടക്കം ചെയ്യാൻ ബുദ്ധിമുട്ടുമ്പോൾ സമത്വ തീരം എന്ന പൊതുശ്മശാനം നിർമ്മിച്ച് കിളിമാനൂർ ബ്ലോക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയായെന്നും, ലൈഫ് പദ്ധതിക്ക് പുറമെ വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്ന പട്ടികജാതി പട്ടികവർഗക്കാർക്ക് ഭവന പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്ത ഒരു പട്ടികവർഗക്കാരും ഉണ്ടാവരുതെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് സ്വാഗതം പറഞ്ഞു.

കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ മടവൂർ അനിൽ, ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്മിത, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. സിന്ധു, എസ്. രാജലക്ഷ്മി അമ്മാൾ, എം. രഘു, അടുക്കൂർ ഉണ്ണി, ഗിരിജ ബാലചന്ദ്രൻ, ബി. വിഷ്ണു, പഴയകുന്നുമ്മൽ വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി സുധ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. രാജീവ് എന്നിവർ പങ്കെടുത്തു.