02

പോത്തൻകോട്: പ്രകൃതിരമണീയ കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുന്ന വെള്ളാണിക്കൽപ്പാറയെ സാഹസിക പൈതൃക വിനോദ സഞ്ചാര മേഖലയാക്കുമെന്ന സർക്കാരുകളുടെ വാഗ്ദാനങ്ങൾ കടലാസിൽ മാത്രം. മനം നിറയ്‌ക്കുന്ന പ്രകൃതി സൗന്ദര്യവും അസ്‌തമയ സന്ധ്യകളെ അവിസ്‌മരണിയമാക്കുന്ന കാഴ്ചകളും കാണാൻ വെള്ളാണിക്കൽപ്പാറമുകളിൽ പ്രതിദിനം നിരവധിപ്പേരാണ് ഇവിടെ എത്തുന്നത്. പോത്തൻകോട്, മാണിക്കൽ, മുദാക്കൽ തുടങ്ങിയ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന 23 എക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് വെള്ളാണിക്കൽപ്പാറ. ഗോത്ര സങ്കല്പത്തിലുള്ള ആചാരങ്ങൾ പിന്തുടരുന്ന ആയിരവല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്ന ഈ പ്രദേശം ജില്ലയുടെ ടൂറിസം വികസനത്തിന് വലിയ സാദ്ധ്യതയാണ് തുറന്നിടുന്നത്. സർക്കാരുകൾ നിരവധി പദ്ധതികളാണ് വെള്ളാണിക്കൽപ്പാറയുടെ വികസനത്തിനായി തയ്യാറാക്കിയത്.

പദ്ധതികൾ പാതിവഴിയിൽ

---------------------------------------

കുട്ടികൾക്കുള്ള പാർക്ക്, പാറയിൽ കൊത്തിയുണ്ടാക്കിയ നടപ്പാതകൾ, കല്ലിൽ തീർത്ത ഇരിപ്പിടങ്ങൾ, പാർക്കിംഗ് ഏരിയ, കോഫീ ബാറുകൾ തുടങ്ങിയവ ഇന്നും പ്രഖ്യാപനമായി അവശേഷിക്കുന്നു. ഇവിടെ റോപ് വേ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒന്നും നടപ്പായില്ല. ഔഷധത്തോട്ടം,​ കൃത്രിമ വെള്ളച്ചാട്ടം,​ റോക്ക് ഗാർഡൻ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന പല പദ്ധതികളും എങ്ങുമെത്തിയില്ല.

ടൂറിസം സാദ്ധ്യതകൾ

------------------------------------------

ഇക്കോ ടൂറിസം മോഡലിൽ അഡ്വൈഞ്ചർ റോക്ക് ഹിൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വെള്ളാണിക്കൽപ്പാറയും ശ്രദ്ധനേടും. കേബിൾ കാർ സവാരിയും റോപ്പ് വേയും സ്വീപ്പ് ലൈൻ യാത്ര തുടങ്ങി നിരവധി സാഹസിക വിനോദങ്ങൾ വെള്ളാണിക്കൽപ്പാറയിൽ നടപ്പാക്കാൻ കഴിയും.


 സമുദ്ര നിരപ്പിൽ നിന്നും 650 അടി ഉയരം

 പദ്ധതികൾ തയാറാക്കിയത് 4 വർഷം മുമ്പ്

ക്യാപ്‌ഷൻ: വെള്ളാണിക്കൽപ്പാറ