തിരുവനന്തപുരം: വൈദ്യുതി ഉപയോഗിക്കുമ്പോൾ 250 യൂണിറ്റ് കടക്കാതെ നോക്കണം. അല്ലെങ്കിൽ ഇരട്ടിഭാരം പേറേണ്ടി വരും.
ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കു കണക്കാക്കുന്നതു ടെലിസ്‌കോപിക്, നോൺ ടെലിസ്‌കോപിക് രീതികളിലാണ്. മാസം 250 യൂണിറ്റോ അതിൽ കുറവോ ഉപയോഗിക്കുന്നവർക്കാണ് ടെലിസ്കോപ്പിക് രീതിയിൽ വൈദ്യുതി ബിൽ തുക തയ്യാറാക്കുന്നത്. അത് കഴിഞ്ഞാൽ നോൺ ടെലിസ്കോപ്പിക് രീതിയിലും.
കുറഞ്ഞ സ്ലാബിന്റെ ഇളവ് ഉപഭോക്താക്കൾക്കു ലഭിക്കുന്നതാണു ടെലിസ്‌കോപിക് രീതി. ഇതനുസരിച്ചു മാസം 60 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 50 യൂണിറ്റ് വരെ 3.15 രൂപയും ശേഷിക്കുന്ന 10 യൂണിറ്റിന് 3.70 രൂപയും ആയിരിക്കും നിരക്ക്. മാസം 130 യൂണിറ്റ് ഉപയോഗിച്ചാൽ ആദ്യ 50 യൂണിറ്റിന് 3.15, തുടർന്നുള്ള 50 യൂണിറ്റിന് 3.70, ശേഷിക്കുന്ന 30 യൂണിറ്റിന് 4.80 എന്ന ക്രമത്തിൽ നൽകണം. മാസം 250 യൂണിറ്റിന് നിരക്ക് ഇങ്ങനെ: ആദ്യ 50 യൂണിറ്റ് 3.15, തുടർന്നുള്ള ഓരോ 50 യൂണിറ്റിനും 3.70, 4.80, 6.40, 7.60 എന്ന ക്രമത്തിൽ വ്യത്യസ്ത നിരക്ക്.
വൈദ്യുതി ഉപഭോഗം മാസം 251 യൂണിറ്റ് ആയാൽ മുഴുവൻ യൂണിറ്റിനും ഒരേ നിരക്കാകും. ഇതിനാണു നോൺ ടെലിസ്‌കോപിക് രീതി എന്നു പറയുന്നത്. 300 യൂണിറ്റിൽ കൂടിയാൽ മുഴുവൻ യൂണിറ്റിനും 6.60 രൂപയായിരിക്കും. പുറമേ ഫിക്സഡ് ചാർജ്, വൈദ്യുതി തീരുവ, മീറ്റർ വാടക തുടങ്ങിയവ കൂടി ചേർത്താണു ബിൽ നൽകുക. വാണിജ്യ വ്യവസായ ഉപഭോക്താക്കൾക്കു വർഷങ്ങളായി നോൺ ടെലിസ്‌കോപിക് രീതിയിൽ ഒരേ നിരക്കാണ്.