തകർന്നു, തിരിച്ചുവന്നു, പൊരുതി, വീണുപോയി... ഇന്ത്യ
മാഞ്ചസ്റ്റർ : രണ്ടുദിനമായി നടന്ന വൺഡേ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ തുടക്കത്തിലെ വൻ തകർച്ചയെ അതിജീവിച്ച് പോരാട്ടത്തിലേക്ക് തിരിച്ചുവന്ന ശേഷമാണ് ഇന്നലെ തോൽവിയിലേക്ക് വഴുതിവീണത്.
ഇന്നലെ 23 പന്തുകൾ കൂടി ബാറ്റു ചെയ്ത കിവീസ് തലേന്നത്തെ സ്കോറിലേക്ക് 28 റൺസ് കൂടി കൂട്ടിച്ചേർത്ത് 239/8 എന്ന സ്കോറിലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. റോസ് ടെയ്‌ലർ (74), ടോം ലതാം (10), മാറ്റ് ഹെൻട്രി (1) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് ഇന്നലെ നഷ്ടമായത്. 90 പന്തുകളിൽ മൂന്ന് ഫോറുകളും ഒരു സിക്സുമടക്കം 94 റൺസ് നേടിയ ടെയ്‌ലറെ ഇന്നലത്തെ രണ്ടാം ഓവറിൽ ജഡേജ റൺ ഔട്ടാക്കുകയായിരുന്നു. ലതാമിനെയും ഹെൻറിയെയും ഭുവനേശ്വറാണ് പുറത്താക്കിയത്. 10 ഓവറിൽ ഒരു മെയ്ഡനടക്കം ഭുവനേശ്വർ 43 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുംറ പാണ്ഡ്യ, ജഡേജ, ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
അപ്രതീക്ഷിത തകർച്ച
മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം അതിഭീകരമായിരുന്നു. കണ്ണടച്ചു തുറക്കും മുമ്പ് മൂന്ന് ഇൻഫോം ബാറ്റ്‌സ്‌മാൻമാർ കൂടാരത്തിനകത്ത്. രണ്ടാം ഓവറിൽ രോഹിത് ശർമ്മയെ ഹെൻറിയുടെ പന്തിൽ കീപ്പർ ലതാം ക്യാച്ചെടുത്തു. അടുത്ത ഓവറിൽ ബൗൾട്ടന്റെ പന്തിൽ കൊഹ്‌ലി വിക്കറ്റിന് മുന്നിൽ കുരുങ്ങി. നാലാം ഓവറിൽ കെ.എൽ. രാഹുലും കീപ്പർ ക്യാച്ചായതോടെ ഇന്ത്യൻ സ്കോർ ബോർഡ് 5/3 എന്ന നിലയിലായി.
തുടർന്ന് ധോണിയെ ക്രീസിലിറക്കാൻ വൈകിപ്പിച്ച് നാലാം നമ്പരിലിറങ്ങിയ ഋഷഭ് പന്തിന് കൂട്ടായി ദിനേഷ് കാർത്തികിനെ വിട്ടു. വിക്കറ്റ് പോകാതെ 24 പന്തുകൾ കളിച്ച കാർത്തിക് പത്താം ഓവറിൽ തിരിച്ചു നടന്നതോടെ ഇന്ത്യ 24/4 ആയി. ന്യൂസിലൻഡ് ആദ്യ പത്തോവറിൽ 27/1 എന്ന നിലയിലായിരുന്നു.
ചെറുത്തു നിൽപ്പ്
തുടർന്നാണ് ഹാർദിക്കും (32), ഋഷഭ് പന്തും (32) ചേർന്ന് ചെറുത്തു നിൽപ്പ് തുടങ്ങുന്നത്. 13 ഓവറോളം വിക്കറ്റ് വീഴാതെ പിടിച്ചു നിൽക്കാൻ ഇവർക്ക് കഴിഞ്ഞു. എന്നാൽ സ്പിന്നർ സാന്റനറെ ഉയർത്തിയടിക്കാനുള്ള പന്തിന്റെ ശ്രമം ക്യാച്ചിൽ അവസാനിച്ചു. തുടർന്ന് ധോണി തന്നെ കളത്തിലിറങ്ങി. ഹാർദിക്കും ധോണിയും ചേർന്ന് പതിയെ മുന്നോട്ടു നീങ്ങിയെങ്കിലും 31-ാം ഓവറിൽ പാണ്ഡ്യയ്ക്ക് മടങ്ങേണ്ടിവന്നു.
പോരാട്ടം
തുടർന്ന് ജഡേജയെത്തിയതോടെയാണ് ഇന്ത്യയുടെ മൂഡ് മാറിയത് അതുവരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച ഇന്ത്യ പിന്നെ തനിച്ചു കളിക്കാൻ തുടങ്ങി. ധോണി വിക്കറ്റ് കാത്തപ്പോൾ ജഡേജയാണ് ആക്രമിക്കാൻ ധൈര്യം കാട്ടിയത്. ഈ കൂട്ടുകെട്ട് 45 ഓവറുകൾ പിന്നിട്ടപ്പോൾ വിജയപ്രതീക്ഷയുണർന്നു. 116 റൺസാണ് സഖ്യം കൂട്ടിച്ചേർത്തത്. 59 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കം 77 റൺസടിച്ച ജഡേജയുടെ വീര്യമാണ് ഇന്ത്യയെ 200 കടത്തിയത്.
അവസാന വീഴ്ച
ധോണിയും ജഡേജയും ചേർന്ന് കെട്ടിപ്പൊക്കിയതൊക്കെ തകർന്നു വീണത് 48-ാം ഓവറിലാണ്. ആഞ്ഞടിക്കാൻ ശ്രമിച്ച ജഡേജയെ ലോംഗ് ഓഫിൽ വില്യംസൺ കൈയിലൊതുക്കിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മേലെയാണ് വെള്ളിടി വെട്ടിയത്. അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്റെ ആദ്യ സിക്സ് പായിച്ച ധോണി പക്ഷേ മൂന്നാം പന്തിൽ റൺ ഔട്ടായത് മറ്റൊരു വഴിത്തിരിവായി. തുടർന്ന് ഭുവനേശ്വർ (0), ചഹൽ (5) എന്നിവർ കൂടി പുറത്തായതോടെ ഇന്ത്യയുടെ ലോകകപ്പ് മോഹം അവസാനിച്ചു.
സെമി സ്കോർ ബോർഡ്
കിവീസ് ബാറ്റിംഗ് : ഗപ്ടിൽ സി കൊഹ്‌ലി ബി ബുംറ 1, നിക്കോൾസ് ബി ജഡേജ 28, വില്യംസൺ സി ജഡേജ ബി ചഹൽ 67, ടെയ്‌ലർ റൺ ഔട്ട് 74, നീഷം സി കാർത്തിക് ബി പാണ്ഡ്യ 12, ഗ്രാൻഡ്‌ഹോം സി ധോണി ബി ഭുവനേശ്വർ 16, ലതാം സി ജഡേജ ബി. ഭുവനേശ്വർ 10, സാന്റ്‌നർ നോട്ടൗട്ട് 9, ഹെൻറി സി കൊഹ്‌ലി ബി ഭുവനേശ്വർ 1, ബൗട്ട് നോട്ടൗട്ട് 3, എസ്ക്ട്രാസ് 18, ആകെ 50 ഓവറിൽ 239/8. വിക്കറ്റ് വീഴ്ച : 1-1, 2-69, 3-134, 4-162, 5-200, 6-225, 7-225, 8-232. ബൗളിംഗ് : ഭുവനേശ്വർ 10-1-43-3, ബുംറ 10-1-39-1, പാണ്ഡ്യ 10-0-55-1, ജഡേജ 10-0-34-1, ചഹൽ 10-0-63-1. ഇന്ത്യ ബാറ്റിംഗ് : കെ.എൽ. രാഹുൽ സി ലതാം ബി ഹെൻറി 1, രോഹിത് ശർമ്മ സി ലതാം ബി ഹെൻറി 1, കൊഹ്‌ലി എൽ. ബി.ബി ലതാം 1, ഋഷഭ് പന്ത് സി ഗ്രാൻഡ് ഹോം ബി സാന്റ്‌നർ 32, കാർത്തിക് സി നീഷം ബി ഹെൻറി 6, പാണ്ഡ്യ സി വില്യംസൺ ബി സാന്റ്‌നർ 32, ധോണി റൺ ഔട്ട് 50, ജഡേജ സി വില്യംസൺ ബി ബൗൾട്ട് 77, ഭുവനേശ്വർ ബി ഫെർഗ്യൂ സൺ 0, ചഹൽ സി ലതാം ബി നീഷം 5, ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 16, ആകെ 221 ആൾ ഔട്ട്. ബൗളിംഗ് : ട്രെന്റ് ബൗൾട്ട്, 10-2-42-2, മാറ്റ് ഹെൻട്രി 10-1-37-3, ഫെർഗ്യൂസൺ 10-0-43-1, ഗ്രാൻഡ്ഹോം 2-0-13-0, നീഷം 7-3-0-49-1, സാന്റ്‌നർ 10-2-34-2. ഇന്ത്യൻ സ്വപ്നങ്ങൾ പൊലിഞ്ഞതിങ്ങനെ 1-4 (രോഹിത്) 1.3 -ാം ഓവർ ഈ ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടി മികച്ച ഫോമിലായിരുന്ന രോഹിതിനെ അപ്രതീക്ഷിതമായി പുറത്താക്കിയത് മാറ്റ് ഹെൻട്രിയാണ്. ഒാഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തിന് ബാറ്റ് വച്ച് രോഹിതിനെ കീപ്പർ ലതാം നിഷ്‌പ്രയാസം പിടിക്കുകയായിരുന്നു. 2-5 (കൊഹ്‌ലി) 2.4-ാം ഓവറിൽ ഇതായിരുന്നു ഇന്ത്യയുടെ യഥാർതഥ ഷോക്ക്. ചേസിംഗിൽ കരുത്താകേണ്ടിയിരുന്ന നായകനെ എൽബിയിൽ കുരുക്കിയത് ബൗൾട്ട്. അവിശ്വസനീയതയോടെ കൊഹ്‌ലി റിവ്യൂ നൽകിയെങ്കിലും വിധദി തടുക്കാനായില്ല. 3-5 (രാഹുൽ) 3.1 -ാം ഓവർ ആദ്യ രണ്ട് വിക്കറ്റുകളുടെ ഞെട്ടൽ മാറും മുന്നേ രാഹുലും തിരിച്ചു നടന്നതോടെ മാഞ്ചസ്റ്ററിലെ ഇന്ത്യൻ ആരാധകർ മൂകരായി. കീപ്പ ക്യാച്ചായിരുന്നു രാഹുലിന്റേയും. 4-24 10-ാം ഓവർ ദിനേഷ് കാർത്തിക് ഓരോ പന്തും തിരഞ്ഞെടുത്ത് രക്ഷപ്പെടുകയായിരുന്നു. 29 പന്തുകളിൽ ഒരു ഫോറും രണ്ട് സിംഗിളുകളും മാത്രമെടുത്ത കാർത്തിക്കിനെ പുറത്താക്കാൻ 10-ാം ഓവറിൽ നീഷമെടുത്ത ക്യാച്ച് അതിഗംഭീരമായിരുന്നു. 5-71 (ഋഷഭ്) 22.5-ാം ഓവർ പരിചയ സമ്പത്തിന്റെ അഭാവത്താൽ പലപ്പോഴും വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച ഋഷഭ് പന്തിന് ശരിക്കും അബദ്ധം പറ്റിയത് 23-ാം ഓവറിലാണ്. ആദ്യ നാല് പന്തുകൾ ടൈറ്റായി എറിഞ്ഞ സാന്റ്‌നർ അഞ്ചാം പന്ത് ലൂസാക്കി ഇട്ടുകൊടുത്തു. പ്രകോപിതനായ പന്ത് ഇറങ്ങി തൂക്കിയടിച്ചു, ഗ്രാൻഡ്ഹോം ക്യാച്ചെടുത്തു. 6-92 (പാണ്ഡ്യ) 30.3-ാം ഓവർ പാണ്ഡ്യയ്ക്കും അമിതാവേശമാണ് കുരുക്കായത്. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ക്രോസ്ഷോട്ടിന് ശ്രമിച്ചപ്പോൾ ഉയർന്നുപൊങ്ങി. മിഡ്‌വിക്കറ്റിൽ വില്യംസൺ കയ്യിലൊതുക്കി. 7-208 (ജഡേജ) 47.5 ഓവർ ജയിക്കാൻ 14 പന്തിൽ 32 റൺസ് വേണ്ടിയിരുന്നപ്പോഴാണ് ജഡേജ ബൗൾട്ടിന്റെ പന്ത് ഉയർത്തിയടിച്ച് വില്യംസണിന് ക്യാച്ച് നൽകിയത്. 8-216 (ധോണി) 48.3-ാം ഓവർ സ്ട്രൈക്ക് കൈവിട്ടു പോകാതിരിക്കാൻ ഡബകളിനോടിയ ധോണിയെ റൺ ഔട്ടാക്കിയത് ഗപ്ടിലിന്റെ ഡയറക്ട് ത്രോയാണ്. 9-217 (ഭുവനേശ്വർ) 48.6-ാം ഓവർ ഭുവിയെ ഫെർഗ്യൂസൺ ക്ളീൻ ബൗൾഡാക്കുമ്പോൾ ഇന്ത്യൻ പ്രതീക്ഷകളെല്ലാം അവസാനിച്ചിരുന്നു. 10-221 (ചഹൽ) 49.3-ാം ഓവർ നീഷമിന്റെ പന്തിൽ ലതാമിന് ക്യാച്ച് നൽകി ചഹൽ ചടങ്ങ് പൂർത്തിയാക്കി. പത്തര'മാറ്റ്' ഹെൻട്രി മാറ്റ് ഹെൻട്രി മാൻ ഒഫ് ദ മാച്ച് ഇന്നലത്തെ ഇന്ത്യൻ തോൽവിക്ക് പ്രധാന ഉത്തരവാദി ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻട്രിയാണ്. തന്റെ ആദ്യ സ്പെല്ലിൽ തന്നെ രോഹിതിനെയും രാഹുലിനെയും ഹെൻട്രി പുറത്താക്കിയതാണ് കളിയുടെ ഗതിമാറ്റിയത്.10-ാം ഓവറിൽ ദിനേഷ് കാർത്തികിനെ പുറത്താക്കിയതും ഈ വലംകയ്യൻ പേസറാണ്. 10 ഓവറിൽ ഒരു മെയ്ഡനടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹെൻട്രി വഴങ്ങിയത് 37 റൺസ്‌മാത്രം തോൽവിയിലെ വിജയി രവീന്ദ്ര ജഡേജ ആദ്യ മത്സരങ്ങളിൽ പകരക്കാരൻ ഫീൽഡറായി ഒതുങ്ങേണ്ടി വന്ന ജഡേജയ്ക്ക് തന്റെ രണ്ടാമത്തെ മത്സരം മാത്രമായിരുന്നു ഈ ലോകകപ്പിൽ ഇന്നലെ. ഇത്രയും നാൾ തന്നെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നവരെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ബൗളിംഗിൽ 10 ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റും രണ്ട് ക്യാച്ചുകളും നേടിയിരുന്നു. ഒരു റൺ ഔട്ടിനും വഴിയൊരുക്കി. വലിയ തോൽവിയിലേക്ക് നീങ്ങിയ ഇന്ത്യയെ പോരാടാൻ പ്രാപ്തമാക്കിയത് ജഡേജയുടെ ഇന്നിംഗ്സാണ്. 59 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കമാണ് ജഡേജയുടെ 77 റൺസ്. ഇന്നലെ നേരിട്ട പന്തുകളെക്കാൾ കൂടുതൽ റൺസ് നേടിയ ഏക ഇന്ത്യൻ ബാറ്റ്‌സ്‌മാൻ ജഡേജയാണ്. ഞങ്ങളുടെ ബാറ്റിംഗിന്റെ തുടക്കത്തിലെ മോശം മുക്കാൻ മണിക്കൂറാണ് വിധി മാറ്റിയെഴുതിയത്. ഈ തോൽവി ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടാണ്. പക്ഷേ ന്യൂസിലൻഡിന്റെ വിജയം അംഗീകരിച്ചേ മതിയാകൂ. വിരാട് കൊഹ്‌ലി ഈ സാഹചര്യങ്ങളിൽ കളിക്കുക ദുഷ്‌കരമായിരുന്നു. ഇന്ത്യയെ സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രം ബൗളർമാർ പ്രയോഗത്തിൽ വരുത്തിയതാണ് വിജയത്തിന് കാരണം. കേൻ വില്യംസൺ