നെടുമങ്ങാട്: നെടുമങ്ങാട്ട് ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. കുടുംബസമേതം താമസിക്കാനൊരിടം തേടി ഇനി അലഞ്ഞു തിരിയേണ്ട. നെടുമങ്ങാട് നഗരഹൃദയത്തിലെ നെട്ടയിൽ നിർമ്മാണം പൂർത്തിയാക്കി അടച്ചിട്ടിരുന്ന ഫ്ളാറ്റുകൾ ഇന്ന് തുറക്കും. ഇതോടെ സർക്കാർ ജീവനക്കാർക്ക് കുറഞ്ഞ ചെലവിൽ കുടുംബസമേതം താമസിച്ച് ജോലി ചെയ്യാം. പണി പൂർത്തിയായിട്ടും അടച്ചിട്ട ഫ്ലാറ്റുകളിൽ തെരുവുപട്ടികളും വവ്വാലുകളും താമസമാക്കിയതിനെക്കുറിച്ച് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് സി. ദിവാകരൻ എം.എൽ.എ ഇടപെട്ട് ഫ്ളാറ്റുകളുടെ ഉദ്ഘാടനത്തിനായി നടപടിയെടുക്കുന്നത്.
2.50 കോടി രൂപ മുടക്കി നിർമ്മിച്ച മൂന്ന് ഫ്ളാറ്റുകളാണ് ഉദ്‌ഘാടനത്തിന് തയ്യാറാവുന്നത്. മൂന്നു കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്വാർട്ടേഴ്‌സുകളാണുള്ളത്. ഒരു മന്ദിരത്തിൽ നാല് കുടുംബങ്ങൾക്ക് താമസിക്കാനാവും.
2015ൽ നിർമ്മാണം തുടങ്ങിയ കെട്ടിടം പണി പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഉദ്ഘാടനം നടത്താനോ ജീവനക്കാർക്ക് തുറന്നു കൊടുക്കാനോ സാധിച്ചിരുന്നില്ല.
ജില്ലയ്ക്ക് വെളിയിൽ നിന്നടക്കം ധാരാളം സർക്കാർ ജീവനക്കാർ നെടുമങ്ങാട്ട് വിവിധ ഓഫീസുകളിൽ ജോലിയെടുക്കുന്നുണ്ട്. ഇവരിൽ നല്ലൊരു വിഭാഗം വാടകയ്ക്ക് സൗകര്യപ്രദമായ വീട് ലഭിക്കാതെ വിഷമിക്കുകയായിരുന്നു. ഫ്ളാറ്റുകളിൽ ക്വർട്ടേഴ്‌സിന് അപേക്ഷ നല്കിയ നൂറുകണക്കിനു ജീവനക്കാർ ഇപ്പോഴും വാടകക്കെട്ടിടങ്ങളിലാണ് കഴിയുന്നത്.
സി. ദിവാകരൻ എം.എൽ.എ ഇടപെട്ടാണ് ഉദ്‌ഘാടനത്തിനുള്ള തടസങ്ങൾ നീക്കിയത്.12 ക്വർട്ടേഴ്‌സുകൾ തുറന്ന് നൽകുന്നതിനൊപ്പം നെടുമങ്ങാട് റസ്റ്റ് ഹൗസിൽ കാന്റീനും കോൺഫറൻസ് ഹാളും നിർമ്മിക്കുന്നതിന്റെ ഉദ്‌ഘാടനവും ഇന്ന് നടക്കുമെന്ന് എം.എൽ.എ അറിയിച്ചു.
മൂന്ന് കോടി രൂപ അടങ്കലിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഫ്ളാറ്റുകളുടെ ഉദ്‌ഘാടനവും മന്ത്രി ജി. സുധാകരൻ നിർവഹിക്കും. അടൂർ പ്രകാശ് എം.പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം ആശംസിക്കും.