തിരുവനന്തപുരം: പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഇന്ന് നടക്കും. പുതുക്കിയ ക്ഷേത്രത്തിൽ സ്ഥാപിച്ച താഴികക്കുടങ്ങളിൽ കുംഭാഭിഷേകവും നടത്തും. ഇന്നലെ രാവിലെ മുളപൂജയും ഹോമവും കലശപൂജയും വൈകിട്ട് കുംഭാഭിഷേക കലശപൂജയും നടന്നു. ഇന്ന് രാവിലെ 8ന് അധിവാസത്തിൽ ഉഷപൂജയെ തുടർന്ന് ചടങ്ങുകൾ ആരംഭിക്കും. 11നും 11.40നും മദ്ധ്യേയാണ് പുനഃപ്രതിഷ്ഠാ മുഹൂർത്തം.
പ്രധാന ക്ഷേത്രത്തിൽ മഹാഗണപതിയെയും തുടർന്ന് ഇരുവശങ്ങളിലുമുള്ള ക്ഷേത്രങ്ങളിൽ ദുർഗാഭഗവതിയെയും വേട്ടയ്ക്കൊരു മകനെയും നാഗദൈവങ്ങളെയും പ്രതിഷ്ഠിക്കും. അഷ്ടബന്ധം ചാർത്തും. കുംഭാഭിഷേകവും നടക്കും. പൂജകൾക്കും കുംഭാഭിഷേകത്തിനും മിലിട്ടറിയുടെയും തിരുവാതിര കമ്മിറ്റിയുടെയും പ്രത്യേകസംഘം നേതൃത്വം നൽകും.
തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് ചടങ്ങുകൾ കാണാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. 12 മുതൽ 15 വരെ മുളപൂജ, വലിയ ഗണപതിഹോമം, ദ്രവ്യകലശപൂജ എന്നിവ തുടരും. 16ന് രാവിലെ എട്ടിന് നടക്കുന്ന 1008 നാളികേരത്തിൽ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ അവസാനിക്കും.