rice

തിരുവനന്തപുരം: റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്കു കടത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും, ക്രമക്കേടു കാട്ടുന്ന കരാറുകാരെ കരിമ്പട്ടികയിൽപ്പെടുത്താനും സപ്ളൈകോ തീരുമാനം. മേനംകുളം, നെടുമങ്ങാട്‌ ഗോഡൗണുകളിൽ നിന്ന്‌ റേഷൻധാന്യങ്ങൾ കരിഞ്ചന്തയിൽ കടത്തിയ സംഭവത്തെ തുടർന്നാണ് നടപടി. ഗോ‌ഡൗണുകൾ കേന്ദ്രീകരിച്ചുള്ള റേഷൻ കരിഞ്ചന്ത മേയ് 13-ന് കേരളകൗമുദിയാണ് പുറത്തു കൊണ്ടുവന്നത്. തുടർന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു.

കരിഞ്ചന്ത ഇടപാടിൽ പങ്കുള്ള ജീവനക്കാരെ സർവീസിൽ നിന്ന് ഒഴിവാക്കുമെന്നും ബിനാമി ഇടപാടുകൾ അനുവദിക്കില്ലെന്നും സപ്ളൈകോ എം.ഡി കെ.എൻ സതീഷ് അറിയിച്ചു. ഇതു സംബന്ധിച്ച അന്വേഷണം വകുപ്പുതല വിജിലൻസിന് കൈമാറിയിട്ടുണ്ട്.

വാതിൽപ്പടി വിതരണത്തിന്റ മറവിൽ മേനംകുളം,നെടുമങ്ങാട്‌ ഗോഡൗണുകളിൽ നിന്നായി പത്തു ലോഡോളം അരി കരിഞ്ചന്തയിൽ കടത്തിയെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ പരിശോധനയിൽ തെളിഞ്ഞിരുന്നു. രണ്ടിടത്തും ബിനാമി കരാറുകാരാണ് കാര്യങ്ങൾ നടത്തുന്നതെന്നും സപ്ലൈകോ ജീവനക്കാർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നും ബോധ്യപ്പെടുകയും ചെയ്തു.

സപ്ലൈകോയുടെ പ്രധാന ഓഫീസിലിരുന്നു തന്നെ ഡിപ്പോയിലെ കാര്യങ്ങൾ നിരീക്ഷിക്കാനുള്ള സാങ്കേതിക സംവിധാനം ഉടൻ ഉറപ്പാക്കും. വകുപ്പുതല വിജിലൻസിന്റ അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും എം.ഡി പറഞ്ഞു.