hotel-raid

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളിലും കടകളിലും നഗരസഭാ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് സ്‌ക്വാഡുകളായി തിരിഞ്ഞ് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങൾ പിടികൂടി. കമലേശ്വരം- അട്ടക്കുളങ്ങര, കിഴക്കേക്കോട്ട പാളയം, ഓവർ ബ്രി‌ഡ്ജ് - കരമന ഭാഗങ്ങളിൽ റോഡിന് ഇരുവശവും രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് രാവിലെ 7ന് ആരംഭിച്ച പരിശോധന ഉച്ചവരെ തുടർന്നു.

60 ഓളം ഹോട്ടലുകളിലും ബേക്കറികളും നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങളും വൃത്തിയില്ലാതെ സൂക്ഷിച്ചിരുന്ന ഭക്ഷണവസ്തുക്കളും പിടികൂടി. പഴകിയ അരി, ചോറ്, ബിരിയാണി, മത്സ്യം, ഇറച്ചി, പാൽ, തൈര് തുടങ്ങിയ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പലഹാര നിർമ്മാണ യൂണിറ്റുകൾ, ചിപ്സ് കടകൾ എന്നിവിടങ്ങളിൽ നിന്ന് പഴകിയ എണ്ണയും കണ്ടെത്തി.

hotel-raid

ഹെൽത്ത് സർട്ടിഫിക്കറ്റില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും ഹോട്ടലുകളിൽ തൊഴിലാളികൾ പണിയെടുക്കുന്നതായും മാലിന്യങ്ങൾ തരംതിരിക്കാതെ കവറുകളിലാക്കി ഉപേക്ഷിക്കുന്നതായും പരിശോധനാ സംഘത്തിന് ബോദ്ധ്യപ്പെട്ടു. മാലിന്യങ്ങൾ പ്ളാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ, ഡ്രൈവേസ്റ്ര് എന്നിങ്ങനെ തരംതിരിച്ച് സംസ്കരിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കണമെന്ന് ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി. പങ്കജ്, ചിരാഗ് തുടങ്ങിയ ത്രീസ്‌റ്റാർ ഹോട്ടലുകളിൽനിന്നും, ബുഹാരി, ബിസ്മി, ആര്യാസ്, എം.ആർ.എ. തുടങ്ങിയ പ്രമുഖ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണം പിടിച്ചതായും വിവരമുണ്ട്.

hotel-raid

നഗരസഭ അടുത്ത മാസം നടപ്പാക്കാനുദ്ദേശിക്കുന്ന സുഭോജനം പദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന. മോശപ്പെട്ട സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്ത നഗരസഭാ ജീവനക്കാർ സ്ഥാപന ഉടമകളെയും ജീവനക്കാരെയും ബോധവൽക്കരിച്ചു. പരിശോധന ഉന്ന് ഉച്ചവരെ തുടരും.