കൊല്ലം: അതിസുരക്ഷ സാങ്കേതിക വിദ്യയെ നാടൻ പ്രയോഗത്തിലൂടെ മറികടന്ന് മോഷ്‌ടാവ്. നിരീക്ഷണ കാമറകൾ ഇലകുമ്പിൾ കൊണ്ട് മറച്ച് മോഷണം നടത്തിയ വിരുതനാണ് മുണ്ടയ്‌ക്കൽ ഭാഗത്ത് വിലസുന്നത്. ചൊവ്വാഴ്‌ച അർദ്ധരാത്രിക്ക് ശേഷം മുണ്ടയ്‌ക്കൽ വെസ്‌റ്ര് കാക്കവീട്ടിൽ എം.ശശിധരന്റെ കോമ്പൗണ്ടിൽ നിന്ന് വിലപിടിപ്പുള്ള ആഡംബര സൈക്കിൾ മോഷ്‌ടിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്.
ഏകദേശം 20,000 രൂപാ വിലയുള്ള സൈക്കിൾ കാണാതായതിനെ തുടർന്ന് രാവിലെ ശശിധരൻ സ്വന്തം വീട്ടിലെ കാമറയുടെ സ്‌ക്രീനിലെ ദൃശ്യങ്ങളെ പരിശോധിച്ചപ്പോൾ പുലർച്ചയുള്ള ദൃശ്യങ്ങൾ ലഭ്യമായില്ല. തുടർന്ന് കാമറകൾ പരിശോധിച്ചപ്പോൾ രണ്ടിലും തേക്കില കൊണ്ടുള്ള കുമ്പിൾ കുത്തി മറച്ചിരിക്കുന്നു. പുലർച്ചെ 2.15 ഓടെയാണ് മോഷണം നടന്നത്. ഈ സമയം ഒരാൾ മുഖം മറച്ച് കണ്ണുകൾക്ക് വേണ്ടി മാത്രം സുഷിരങ്ങളുണ്ടാക്കി ഇലകൾ കൊണ്ട് കുമ്പിൾ കുത്തി കമാറ മറയ്‌ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ആദ്യം കാമറ മറച്ച ശേഷം സൈക്കിൾ പൊക്കിയെടുത്ത് മതിലിന് മുകളിൽ വച്ചപ്പോഴാണ് രണ്ടാമത്തെ കാമറ കണ്ണിൽപ്പെട്ടത്,തുടർന്ന് രണ്ടാമത്തെ കാമറയും സമാന രീതിയിൽ മറച്ചു. പിന്നീടുള്ള ദൃശ്യങ്ങൾ ലഭ്യമല്ല. ഈ സമയം പ്രവർത്തിച്ചിരുന്ന ഏകദേശം അര കിലോമീറ്റർ ദൂരെയുള്ള ഒരു വീട്ടിലെ കാമറയിൽ വെള്ള പാന്റ് ഉൾപ്പടെയുള്ള വസ്‌ത്രം ധരിച്ച കള്ളൻ സൈക്കിൾ ചവിട്ടി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ശശിധരൻ ഇന്നലെ കൊല്ലം ഈസ്‌റ്ര് പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും ആരും അന്വേഷണത്തിന് എത്തിയില്ല. പരിസരത്തെ പരമാവധി കാമറ ദൃശ്യങ്ങൾ കൊണ്ട് വരാനാണ് പൊലീസ് പറഞ്ഞത്. എന്നാൽ പരിസരത്തെ മിക്ക വീടുകളിലും കാമറ ഉണ്ടെങ്കിലും പൊലീസ് ആവശ്യപ്പെടാതെ ആരും ദൃശ്യങ്ങൾ നൽകില്ലെന്ന് ശശിധരൻ പറയുന്നു.
കള്ളൻ കൂളായി നടന്നുവന്ന് കാമറയുടെ കണ്ണുകെട്ടി സൈക്കിൾ ചവിട്ടി പോയത് പൊലീസിന്റെ നൈറ്റ് പട്രോളിംഗിലെ വീഴ്‌ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൊലീസുകാർ ജീപ്പിലും ബൈക്കിലും കാൽനടയായും സദാ പട്രോളിംഗിലാണെന്ന അവകാശ വാദം പൊള്ളയാണെന്ന് തെളിഞ്ഞതായി മുണ്ടയ്‌ക്കൽ നിവാസികൾ പറയുന്നു.