amala-paul

പുതിയ ചിത്രമായ ആടൈയുടെ ട്രെയിലർ സിനിമാ ലോകത്ത് ചർച്ചാ വിഷയമാകുമ്പോൾ താൻ സിനിമ വിടാൻ ആലോചിച്ചിരുന്നുവെന്ന് പറയുകയാണ് നടി അമലാ പോൾ. വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ഒന്നും തന്നെ തേടി വരാതിരുന്നപ്പോൾ സിനിമ മതിയാക്കി പുതിയ ജോലി തേടുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനയിലായിരുന്നു താൻ എന്നാണ് ഒരു തമിഴ് മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമല പറഞ്ഞത്. നായകന്മാരുമായി ഡ്യൂയറ്റ് പാടിയും പ്രണയരംഗങ്ങളിൽ അഭിനയിച്ചും മടുത്തു. അതോടെയാണ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയത്. അതിനായി മനസിനിണങ്ങിയ മറ്റു ജോലികളെ കുറിച്ച് അന്വേഷണവും നടത്തി. അതിനിടെയാണ് എന്നെത്തേടി ആടൈയുടെ സിനോപ്സിസ് എത്തുന്നത്. അതെന്നെ വല്ലാതെ അമ്പരപ്പിച്ചു. ഇങ്ങനെയും കഥ പറയാം എന്ന് ചിന്തിപ്പിച്ചു. ഉടൻ തന്നെ സംവിധായകൻ രത്നകുമാറിനെ കാണാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. അങ്ങനെയാണ് ആടൈയിലെത്തിയത്.

തുടർന്ന് നിരവധി പുതുമയാർന്ന ചിത്രങ്ങൾ തേടി വന്നു. കഡാവറിന്റെ കഥയും അത്തരത്തിൽ ത്രില്ലടിപ്പിച്ചതാണ്. അതിന്റെ കഥയുമായി സംവിധായകൻ പല നായകന്മാരെയും കണ്ടു. പക്ഷേ നായികാ പ്രധാന്യമുള്ള ചിത്രത്തിൽ സഹകരിക്കാൻ പലർക്കും മടിയായിരുന്നു. തുടക്കത്തിൽ മറ്റു ചിത്രങ്ങളുടെ തിരക്കു കാരണം ഞാനും ആ പ്രോജക്ട് ഒഴിവാക്കിയതാണ്. പക്ഷേ അതിൽ ഞാൻ തന്നെ നായികയാകണമെന്ന് സംവിധായകൻ നിർബന്ധിച്ചു. അങ്ങനെയാണ് ആ പ്രോജക്ട് ഒ.കെയായത്. പിന്നെ ഫോറൻസിക് വിഷയം ആസ്പദമാക്കി ഒരു മുഴുനീള സിനിമ ഇന്ത്യയിൽ തന്നെ ആദ്യമാണെന്ന് തോന്നുന്നു. ആ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാകാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നതായും അമല പറഞ്ഞു. അഞ്ചോളം സിനിമകളാണ് അമലയുടേതായി തിയേറ്ററിൽ റിലീസാകാൻ ഒരുങ്ങി നിൽക്കുന്നത്.