ശിവഗിരി: യുവതിയുവാക്കൾക്ക് വേണ്ടി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന വിവാഹപൂർവ ബോധവത്കരണക്യാമ്പ് (പ്രീമാര്യേജ് കൗൺസലിംഗ്) ശിവഗിരി മഠത്തിൽ 13 മുതൽ ആരംഭിക്കുമെന്ന് ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രനന്ദ അറിയിച്ചു. അഞ്ച് ദിവസമാണ് ക്യാമ്പ്. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വ്യക്തമായ ദിശാബോധത്തിലൂടെ ശ്രീനാരായണ ധർമ്മം അനുശാസിക്കുന്ന ഗൃഹസ്ഥാശ്രമ ധർമ്മത്തിലധിഷ്ഠിതമായി ജാതി മതവർഗ വർണ ഭേദമെന്യേ ഇത്തരത്തിലൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
ഗൃഹസ്ഥാശ്രമധർമ്മം, കുടുംബ മനഃശാസ്ത്രവും കുഞ്ഞുങ്ങളുടെ മനഃശാസ്ത്രവും, സാമ്പത്തിക ശാസ്ത്രം, പ്രകൃതിജീവനം, യോഗാസനം പ്രാണായാമം-ധ്യാനം, ശരീരശാസ്ത്രം, നിത്യജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകത, പരസ്പരം മനസിലാക്കിക്കൊണ്ടുള്ള സ്ത്രീപുരുഷ ബന്ധങ്ങൾ, ഗുരുവിനെയും ഗുരുവിന്റെ കൃതികളെയും മനസിലാക്കുക, വിവാഹ മോചനത്തിന് കാരണമായിത്തീരാവുന്ന വിഷയങ്ങളെക്കുറിച്ചുള്ള പഠനം തുടങ്ങി ഗൃഹസ്ഥാശ്രമിയുടെ ജീവിതത്തെ ബാധിക്കാവുന്ന പത്ത് പ്രധാന പ്രശ്നങ്ങളാണ് ക്യാമ്പിൽ ചർച്ച ചെയ്യുന്നത്. മനഃശാസ്ത്ര വിദഗ്ദ്ധരും ഡോക്ടർമാരും സാമ്പത്തിക വിദഗ്ദ്ധരും മുൻ കുടുംബകോടതി ജഡ്ജിമാരും യോഗാചാര്യന്മാരും ശിവഗിരിമഠത്തിലെ സന്യാസിമാരും ക്ലാസുകൾ നയിക്കും. പങ്കെടുക്കുന്നവർക്ക് മഠത്തിൽ താമസസൗകര്യം ഉണ്ടായിരിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04702602807, 9400475545.